Saturday, March 9, 2013

ആ മരം ഈ മരം

മരത്തെ അതിന്റെ വേരില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നിഷ്ഫലതയെ എന്ത് പേരിട്ടു വിളിക്കും നാം.

വിത്തിട്ടു
വെള്ളമൊഴിച്ച്
വളമിട്ടു
കള പറിച്ചു
കാത്തു സൂക്ഷിച്ചവര്‍..

ജീവിത സായാഹ്നത്തില്‍,വളര്‍ന്നു പന്തലിച്ച വൃക്ഷത്തിന്റെ കൂറ്റന്‍ വേരുകളില്‍ അവസാന നാളുകള്‍ കഴിക്കുന്നു.വേനലില്‍  തണലായും,മഴയില്‍ കുടയായും അവര്‍ക്ക് മുന്‍പില്‍ ആ വൃക്ഷം.അണ്ണാറക്കണ്ണനും കിളികളും കൂനന്‍ ഉറുമ്പും വരെ അവകാശം കൈപ്പറ്റിയ ശേഷം ബാക്കിയാവുന്ന പഴങ്ങള്‍ അവരുടെ പശിയടക്കുന്നു.

                                       ഇനിയൊന്നും വേണ്ട,ഈ മരത്തണലിലാണ്  അന്ത്യമെന്ന് കരുതിയവര്‍. ചിത കൂട്ടുന്നത്‌ ഇതിന്റെ ചില്ലകള്‍ കൊണ്ടെന്നു കരുതിയവര്‍,പെട്ടന്നൊരു ദിവസം കുടിയൊഴിക്കപ്പെടുന്നു.പോകാന്‍ മറ്റൊരിടം ഇല്ലാത്തവര്‍..ഇനിയൊരു മരം പോറ്റി പുലര്‍ത്താന്‍ ആയുസ്സും ആരോഗ്യവും ഇല്ലാത്തവര്‍.ഉള്ളുരുകിയിട്ടുണ്ടാവില്ലേ മരത്തിന്റെ ..

ആകാശത്തെ തൊടുന്ന ചില്ലകളും അതിലെ ആയിരക്കണക്കായ ഇലകളും മാത്രമല്ല ഒരു മരം.ചില്ലകളില്‍ കൂട് കൂട്ടിയ എണ്ണമറ്റ കിളികളാണ്.അവരുടെ കിളിക്കൂടുകളും,അതില്‍ നാളെയുടെ പ്രതീക്ഷയുമായി വിരിയാനിരിക്കുന്ന കിളി മുട്ടകളുമാണ്.പറക്കമുറ്റാതെ,ആഹാരത്തിനായി അമ്മയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുമാണ് .ദൂരെ ഒരിടത്ത് വേടന്റെ വലയില്‍ കുടുങ്ങി,ഇനി ഒരു നാളും
മടങ്ങി വന്നീ കൂടിനെയും കുഞ്ഞുങ്ങളെയും കാണാന്‍ ആവില്ലെന്നുരുകുന്ന അമ്മയുടെതുമാണ്.


കാലം അകക്കാമ്പില്‍ വീഴ്ത്തിയ ആഴമുള്ള മുറിവുകളില്‍ താമസമാക്കിയ അണ്ണാറക്കണ്ണന്മാരുമാണ്.അവരുടെ ചിലപ്പും കുസൃതിയും വാലിളക്കിയുള്ള ഓട്ടവുമാണ്.

നിത്യ ശത്രുതയില്‍ ആയിട്ടും ഒരേ മരച്ചുവട്ടില്‍ മാളം തീര്‍ത്ത പാമ്പും എലിയുമാണ് .അവര്‍ കളിക്കുന്ന ആദിമമായ ജീവന്മരണ കളിയുമാണ് .പാമ്പ് അവിടെ തന്നെ ഉണ്ടെന്നു അറിഞ്ഞിട്ടും പുതിയൊരു മാളം തേടി എലി പോകാത്തത് എന്ത് കൊണ്ടാവും?ആയുസ്സിനെക്കള്‍ വലുതാവും ചിലര്‍ക്കെങ്കിലും സ്വന്തം വേരുകള്‍.

എപ്പോഴും  തിരക്കിട്ടോടി,പരസ്പരം രഹസ്യം പറഞ്ഞു നടക്കുന്ന എണ്ണമറ്റ ഉറുമ്പുകളുമാണ് .ഓടി ഓടി നമ്മള്‍ എത്തുന്നത്‌ മരണത്തിലെയ്ക്കാണെന്ന് ഓര്‍മ്മിച്ചെങ്കില്‍
ഇങ്ങനെ ഓടുമായിരുന്നോ?പിന്‍ഗാമികള്‍ക്കായി കാത്തു വയ്ക്കുക എന്നതാണോ പ്രധാനം,ജീവിക്കുക എന്നൊന്നില്ലേ?

ഓണം കഴിഞ്ഞേറെ ആയിട്ടും,അഴിക്കാന്‍ മറന്ന അപ്പുറത്തെ വീട്ടിലെ ഉണ്ണിയുടെ ഊഞ്ഞാലുമാണ് .ആ ഇത്തിരി പോന്ന ഊഞ്ഞാലില്‍ അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഉണ്ട്.ഇനിയൊരിക്കലും കൂട്ട് കൂടാന്‍ വരാതെ,പെട്ടെന്ന് ഒരു ദിവസം അമ്പോറ്റിക്കൊപ്പം പോയ കുഞ്ഞു പെങ്ങള്‍ ഉറങ്ങുന്നതും ആ മരച്ചുവട്ടില്‍ ആണ്.നാളെയൊരിക്കല്‍,അച്ചനുപേക്ഷിച്ച കുഞ്ഞാണെന്ന അറിവ് നെഞ്ചിലൊരു കല്ലാകുമ്പോള്‍ ,അവനൊരു ആശ്വാസമാകാന്‍ ഈ മരമല്ലാതെ ആരാണ് ഉണ്ടാവുക?

എന്നിട്ടും എന്നിട്ടും എല്ലാത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെടുന്നു മരം.ഇലകള്‍ തൊഴുകൈകളായി ഭൂമി നിറഞ്ഞൊഴുകി.വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു.

11 comments:

  1. ആയുസ്സിനെക്കള്‍ വലുതാവും ചിലര്‍ക്കെങ്കിലും സ്വന്തം വേരുകള്‍
    എന്തു പറഞ്ഞിട്ടെന്താ...വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നുകൊണ്ടിരിക്കുന്നു.

    ഒരു നെടുവീര്‍പ്പ് മാത്രം....
    ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ശ്രീജ ലളിതമനോഹരമായി എഴുതി..........
    ശൈലി എനിക്ക് വളരെയേറെ ഇഷ്ടമായി ... തുടര്‍ന്നും എഴുതുക :)

    ReplyDelete
  3. എഴുതാൻ പ്രത്യേകിച്ചു കാരണമൊന്നും തിരയണ്ട...

    ഉള്ളിൽ വന്നു നിറയുമ്പോൾ ഇങ്ങനെ എഴുതിക്കൊണ്ടേയിരിക്കുക.

    വായിക്കാൻ എന്തു രസമാണ്!

    ReplyDelete
  4. കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടമാവുമ്പോള്‍ വേരുകള്‍ മറന്നു പാലായനം ചെയ്യുന്ന ഒരു ജനത. അവരുടെ സ്വപ്നങ്ങളില്‍ കുളിര് പകരുന്ന പച്ചപ്പും ഗ്രാമീണതയും എന്നുമുണ്ടാവും. നല്ല കഥ.

    ReplyDelete
  5. മുറിച്ചു മാറ്റപ്പെടുന്ന മരങ്ങളും, മെലിഞ്ഞുണങ്ങിയ ആനകളും, മനുഷ്യന്റെ ക്രൂരത്യ്ക്കിരയാവുന്ന സകലതും, എന്നെ കരയിപ്പിക്കുന്നു... 'sensitivity' എന്നൊന്ന് ഇല്ലാതെ, അങ്ങേയറ്റം സ്വാര്‍ത്ഥരാകാന്‍ ,നമ്മെ പഠിപ്പിച്ചതാരാണ്?...

    ReplyDelete
  6. വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു.

    എവിടെനിന്ന് വരും ഒരിറ്റ് കാരുണ്യം?

    ReplyDelete
  7. നല്ല ഭാഷ,നല്ല ആശയം.

    ReplyDelete
  8. മരത്തെ അതിന്റെ വേരില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന നിഷ്ഫലതയെ എന്ത് പേരിട്ടു വിളിക്കും നാം?


    ചിന്തിക്കൂ എന്‍റെ ശ്രീ...എഴുതൂ..ചിന്തിക്കാനും എഴുതാനും കഴിയുന്നതു തന്നെ വലിയൊരു സന്തോഷം...!

    ReplyDelete
  9. 'ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ" --വീരാന്‍കുട്ടി എന്ന ഈ വരികളാണ് ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത്..
    പിന്നെ “വേരുകള്‍ കാരുണ്യം തേടി പ്രാര്‍ഥനയില്‍ ആകാശത്തെയ്ക്കുയര്‍ന്നു“ അതൊന്നും ആലോചിച്ച് നോക്കി..ന്താ പറയുക നീ ഒരു വലിയ എഴുത്തുകാരി ആയിത്തീരും സ്നേഹത്തോടെ പ്രദീപ്

    ReplyDelete