Sunday, June 30, 2013

ഇലഞ്ഞിമരങ്ങൾക്കപ്പുറം

കല്ലൂ ..
കല്യാണീ ..
എനിക്ക് ദേഷ്യം വരും കേട്ടോ.

അമ്മയുടെ ശകാരത്തിനു മുൻപിൽ മനസ്സില്ലാ  മനസ്സോടെ തട്ടിന്പുറത്തെ അത്ഭുത ലോകത്ത് നിന്നും പടികളിറങ്ങി താഴേയ്ക്ക് .
"അതിന്റെ മുകളിൽ വല്ല പാമ്പും ഉണ്ടാവും.നീ എന്ത് കാണാനാണ് കല്ലൂ അതിന്റെ മുകളിലേയ്ക്ക് ഈ കയറി പോകുന്നതു ?കുട്ടിയായിരുന്നപ്പോൾ പോട്ടെ,കൌതുകം കൊണ്ടെന്നു കരുതാം.ഇതിപ്പോൾ കെട്ടിച്ചു വിടാറായി."

കെട്ടിച്ചു വിടുമ്പോൾ ജീവിതത്തിലെ കൌതുകങ്ങൾ ഒക്കെ അവസാനിക്കുന്നു എന്നാണോ?ഓരോ പെണ്‍കുട്ടിയും ഭർതൃ ഗൃഹത്തിലെയ്ക്ക് വലതു കാൽ വച്ച് കയറുന്നത് ചിറകു മുറിച്ചൊരു പക്ഷി ആയിട്ടാണോ.അമ്മ ഉണ്ടാക്കിയ ബഹളങ്ങൾ ഒന്നും അവളെ തൊട്ടതെയില്ല.കയ്യിലുള്ള പുസ്തകങ്ങളുമായി വേഗം മുറിയിലേയ്ക്ക് നടന്നു .കതകു കുറ്റിയിട്ടു ആദ്യത്തെ ഡയറി എടുത്തു..

ഒരു നാലാം ക്ലാസ്സുകാരിയുടെ രസകരമായ കുറിപ്പുകൾ.അമ്പലക്കുളത്തിൽ ആമ്പൽ വിരിഞ്ഞതും,തൊടിയിലാകെ കാട്ടുള്ളി പൂത്തതും,ആഞ്ഞിലി ചക്കയുടെ മാധുര്യവും എന്ന് വേണ്ട കല്ലു വർഷങ്ങൾക്കപ്പുറത്തെയ്ക്ക് സ്വപ്നത്തിലെന്ന പോലെ ഊര്ന്നു പോയി.മാഷിപ്പേനയുടെ വടിവൊത്ത അക്ഷരങ്ങളിൽ ഒരു കുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും.പേജുകൾക്കിടയിൽ സ്വന്തം പേരെഴുതിയ റോസിന്റെ ഇതളുകൾ.കൊഴിഞ്ഞു വീണ മുടിയിൽ ചേര്ന്നിരിക്കുന്ന ഇലഞ്ഞി പൂക്കൾ.നേരിയ സുഗന്ധമുള്ള സോപ്പ് കവറുകൾ,മിട്ടായി പൊതികൾ അങ്ങനെ അങ്ങനെ.

 "O Mary,go and call the cattle home
 And call the cattle home"
ആനന്ദാമ്മ ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ നിന്നും മനസ്സിലെയ്ക്കിറങ്ങി ചിത്രം വരച്ച ചില വരികൾ .
ആട്ടിൻപറ്റത്തെ മേയ്ക്കുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള ഭാവനകൾ .
"Love is not love
Which alters when it alteration finds "

 പ്രണയമെന്തെന്നു ആഴത്തിൽ  അറിയും മുൻപേ Shakesprerean sonnetനെ  കുറിച്ച് എഴുതിയ .അഭിപ്രായം.ഒരിക്കലും മാറാത്ത പാറ പോലെ ഉറച്ച ഒന്നാണോ പ്രണയം.പുതുമകൾ തേടാത്തിനു,മാറ്റം ഇല്ലാത്തതിന് ജീവനുണ്ടോ?ലോകഗതിക്കും സദാചാര ചിന്തകള്ക്കും അപ്പുറത്തേക്ക് കടന്നു കയറിയ എഴുത്തിന്റെ ലോകം.മാംസ നിബദ്ധമല്ലാത്ത രാഗത്തിന്റെ പ്രയോക്താക്കൾ പാടി പുകഴ്ത്തിയതിൽ മുങ്ങണമെന്നു തോന്നിയതേയില്ല.ആകർഷണത്തിന്റെ പല തലങ്ങളിൽ ഒന്ന് ശാരീരികം ആണ്. ആദ്യത്തെ പടിയെ തള്ളി പറയുന്നതിൽ എന്താണിത്ര മാഹാത്മ്യം?ആത്മാവ് വസിക്കുന്ന ഈ ശരീരത്തോടും എനിക്ക് പ്രണയം തന്നെയാണ്.

 ശൈവ വിശ്വാസത്തിന്റെ നടുവിലേക്ക് ജനിച്ചു വീണിട്ടും കടുത്ത കൃഷ്ണഭക്ത ആയതു.കൃഷ്ണനെ ആരാധിക്കാൻ ശിവനെ മറക്കണം എന്നില്ലല്ലോ.വൈരാഗിയായ ശിവനെയും സർവ്വ സുഖ ദുഖങ്ങളിലും പുഞ്ചിരി കൈവിടാതെ അലിഞ്ഞു ചേര്ന്ന കണ്ണനെയും ഒരു പോലെ ഇഷ്ടപ്പെട്ടവൾ.കാലം മുൻപോട്ടു പോയപ്പോൾ തൊട്ടു കൂടായ്മയും അകല്ച്ചയും ഒരു നാളും തനിക്കും ഈശ്വരനും ഇടയിൽ പാടില്ലെന്നുറപ്പിച്ചു ക്രിസ്തുവിനോടായി ചങ്ങാത്തം.നിയമങ്ങളും ചട്ടങ്ങളും   ഒന്നും ഉണ്ടാക്കിയത് കൃഷ്ണനനും ശിവനുമല്ലെന്നുള്ള തിരിച്ചറിവിൽ വീണ്ടും സൗഹൃദം പുതുക്കൽ.

വായിച്ച പുസ്തകങ്ങൾ ,ഇഷ്ടപ്പെട്ട വരികൾ ,നിരൂപണങ്ങൾ ,സ്വപ്‌നങ്ങൾ അങ്ങനെ പുതിയൊരു ലോകം തന്നെയാണ് ഡയറി താളുകൾ കല്ലുവിനു മുൻപിൽ തുറന്നു വച്ചത്.


അവൾ മെല്ലെ വളര്ന്നൊരു കൌമാരക്കാരിയായി.
ആദ്യമായി വല്യ പാവാടയിട്ടത്  ...
വേദനിപ്പിച്ചും അമ്പരപ്പിച്ചും മുതിർന്ന പെണ്‍കുട്ടിയായത്  .
ഉത്സവത്തിന്‌ കൈ നിറയെ പച്ച കുപ്പിവളകൾ ഇട്ടു തന്ന കൂട്ടുകാരന്റെ കണ്ണിലെ തിളക്കം.നിലാവിൽ ഊഞ്ഞാൽ ആടുമ്പോളൊക്കെയും മറ്റാരും കാണാതെ അവളുടെ കണ്ണ് പൊത്തുന്ന ഗന്ധർവ്വൻ.ജീവിതത്തിൽ അവൾ കണ്ടുമുട്ടിയ ഒരു പുരുഷനും ആ ഗന്ധർവ്വനോളം പ്രണയിക്കാൻ ആവാതെ പോയത് എത്ര യാദൃശ്ചികമാണ് .

പഠനം,ഭാവി,ആകുലതകൾ ..ചില ദിവസങ്ങള് സന്തോഷം മാത്രം.വിറകു പുരയുടെ ഓരത്തെ അവൾക്കു മാത്രമായുള്ള സ്വകാര്യ ലോകം.അവിടെ സമയത്തെ പറ്റി വേവലാതി പെടാതെ മേഘങ്ങൾ വരയുന്ന ചിത്രങ്ങൾ നോക്കി കിടക്കുന്നത്.ജനാല വഴി കൈ നീട്ടി തൊട്ടു സ്നേഹിക്കുന്ന അവളുടെ പ്രിയപ്പെട്ട ചെമ്പരത്തി.ചില്ലകൾ നിറയെ കുപ്പിവളകളിട്ടു അനുജത്തിയാക്കി സ്വന്തമാക്കി അവളെ..പ്രണയത്തിന്റെ ആസക്തിയുടെ ജീവിതത്തിന്റെ ചുവന്ന ചെമ്പരത്തിപ്പൂക്കൾ വിടർന്നുലഞ്ഞ അവളുടെ ജീവിതം.

കാലത്തിന്റെ ഒഴുക്കിൽ പുതിയ ഇടങ്ങളിലേയ്ക്ക് പറിച്ചു നടപ്പെട്ട ജീവിതം.പണത്തിന്റെ കട്ടിക്കണ്ണടയിൽ കൂടെ നോക്കിയപ്പോൾ തീര്ത്തും വിലകെട്ടു പോയ അവളുടെ ജീവിതവും സ്വപ്നങ്ങളും.ഒരു പളുങ്ക് പാത്രം പോലെ പൊട്ടി ചിതറി പോകാമായിരുന്ന ജീവിതത്തെ ,ആത്മശക്തി ഒന്നു കൊണ്ട് മാത്രം ഇടറാതെ മുൻപോട്ടു കൊണ്ട് പോയി.തീവ്രമായ വേദനകൾക്കിടയിലും ചെറിയ ചെറിയ സന്തോഷങ്ങളാൽ ജീവിതം മനോഹരമാക്കി.
പല പ്രായത്തിൽ പല രൂപങ്ങളിൽ കടന്നു വന്ന സാന്ത്വന സ്പർശമായി സൌഹൃദങ്ങൾ .എങ്കിലും തെളിനീർ പോലെ ശുദ്ധമായ സൌഹൃദങ്ങൾ എത്ര വിരളമായിരുന്നു.സ്ത്രീയും പുരുഷനും എന്നതിനപ്പുറം രണ്ടു ആത്മാക്കൾ തമ്മിലുള്ള സംവേദനത്തിലേയ്ക്ക് എത്തും മുൻപേ പ്രണയം ചുവയ്ക്കുന്ന സംസാരങ്ങളിൽ,കാമം തല നീട്ടിയ തുറിച്ച് നോട്ടങ്ങളിൽ വിടരും മുൻപേ കരിഞ്ഞവ ആയിരുന്നു അധികവും.

ഏതു കൌമാരക്കാരിക്കും ആരാധിക്കാൻ വേണ്ടുവോളം ഉണ്ടായിരുന്നു ദേവു അമ്മൂമ്മയുടെ ഡയറിക്കുറിപ്പുകൾ.നേരം പുലരുവോളം വായന തന്നെ ആയിരുന്നു.ആരും ഒരിക്കലും വായിക്കാൻ സാധ്യത ഇല്ലെന്നു അറിഞ്ഞിട്ടും എഴുതി കൂട്ടിയ കഥകളും കവിതകളും.ജീവിതത്തെ ഒരാള്ക്കു ഇത്ര മേൽ സ്നേഹിക്കാമെന്ന്  കല്ലു ഇപ്പോളാണ് അറിയുന്നത്.ആരും സ്നേഹിക്കാത്തപ്പോളും മനസ്സിലാക്കാത്തപ്പോളും സ്വയം സ്നേഹിച്ചും മനസ്സിലാക്കിയും മുൻപോട്ടു പോകാൻ.നമ്മുടെ ജീവിതവും സന്തോഷവും സ്വപ്നങ്ങളും മറ്റൊന്നിനും ഒരിക്കലും തല്ലി  തകർക്കാൻ കഴിയില്ലെന്നുള്ള ഉറച്ച വിശ്വാസം.നൊമ്പരങ്ങളുടെ കടൽ കടന്നതിൽ  പിന്നെ എല്ലാം മറന്നു സ്നേഹം മാത്രം നിറഞ്ഞൊഴുകുന്നൊരു മനസ്സ്.ചുറ്റുമുള്ള സർവ്വ ചരാചരങ്ങളോടും സ്നേഹം മാത്രം.ഓരോ വേദനയും എന്നെ ഞാൻ ആക്കാൻ ,സ്വയം അറിയാനുള്ള യാത്ര മാത്രമായിരുന്നു എന്ന തിരിച്ചറിയൽ.

വഴിയോരത്തെ കച്ചവടക്കാരനിൽ നിന്നും വില പേശലിനോടുവിൽ ചേർന്നിരുന്ന
അമ്മയിൽ നിന്നും കുഞ്ഞിനെ മാത്രമായി വാങ്ങിയതിന്റെ വിങ്ങൽ.ആ പാവക്കുഞ്ഞിനെ എപ്പോളും ഓമനിച്ചും സ്നേഹിച്ചും ഒക്കെ സ്വയം ആശ്വസിക്കൽ .എങ്കിലും ദൂരെ എവിടെയോ കരഞ്ഞു തീര്ക്കാൻ പോലുമാകാതെ ആ അമ്മ നെഞ്ച് നീറുന്നോ എന്നോർക്കും.

ജീവിതം ഏറ്റം ആസ്വദിച്ചത് മക്കൾക്കൊപ്പമാണ് .അമ്മ മക്കളെ വളര്ത്തി എന്നതിനേക്കാൾ,എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍കുട്ടിയെ ക്ഷമയും സ്നേഹവും വാത്സല്യവും എന്തെന്ന് അറിയിച്ചു വളര്ത്തി ഉറച്ചൊരു സ്ത്രീ ആക്കിയത് മക്കളാണ്..അവരിലൂടെയാണ് ജീവിതം ആസ്വദിക്കാനും,മറ്റുള്ളവർ എന്ത് കരുതുമെന്ന ഭയത്തെ മറികടന്നു മനസ്സ് തുറന്നു പാടാനും,നൃത്തം ചെയ്യാനും ,മുതിര്ന്നതിൽ പിന്നെ നഷ്ടമായ ബാല്യത്തിന്റെ രസങ്ങളിലെയ്ക്ക് മടങ്ങി പോകാനും ഒക്കെ കഴിഞ്ഞത്.
ഇലഞ്ഞി പൂക്കൾ മണക്കുന്ന കാൽപ്പെട്ടിയിൽ നിന്നും പച്ചക്കരയുള്ള മുണ്ടും നേര്യതും ഉടുത്തു ,കൈ നിറയെ പച്ച കുപ്പിവളകളുമിട്ടാണ് കല്ലു അന്ന് വൈകുന്നേരം കാവിൽ തൊഴാനായി പോയത്.നിനക്കെന്താണിന്നു പച്ചയിൽ ഒരു കമ്പമെന്ന അച്ഛന്റെ ചോദ്യത്തിന് ദേവു അമ്മൂമ്മ എങ്ങനെ ആണ് മരിച്ചതെന്നൊരു മറു ചോദ്യമെറിഞ്ഞു .
"നീയെന്തേ പെട്ടന്ന് അമ്മയെ പറ്റി ..."

കടമകളും ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞെന്നു തോന്നിയപ്പോൾ ഹരിദ്വാറിലേയ്ക്ക് യാത്ര പോയി.അവസാന കാലം സഞ്ചാരിയായി കഴിയാനാണ് ഇഷ്ടമെന്ന് പറഞ്ഞു.അമ്മയെ ഏറെ സ്നേഹിച്ചിട്ടും അവസാനം വരെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടും എതിർത്തില്ല.അല്ലെങ്കിൽ ഏറെ സ്നേഹിച്ചത് കൊണ്ട് മാത്രം സമ്മതിച്ചു എന്നും ആവാം.കുറെ വർഷങ്ങൾക്ക്ക് ശേഷം മരണം അറിയിച്ചൊരു ഫോണ്‍ കാൾ.ജീവിതത്തിൽ ഉടനീളം സ്നേഹം അനുഭവിച്ചും പകർന്നും ജീവിച്ചതിനാൽ ജഡത്തിന്റെ അനാഥത്വത്തെ കുറിച്ച് വിഷമിക്കരുതെന്നും അന്ത്യക്രിയകൾ ചെയ്യരുതെന്നും പറഞ്ഞിരുന്നു.

 വാർധക്യത്തിൽ സ്വന്തം അച്ഛനും അമ്മയ്ക്കും തണലാകാൻ കഴിയാത്തതിന്റെ പശ്ചാത്താപമോ പ്രായശ്ചിത്തമോ ആയിരിക്കും അങ്ങനെ ഒരു യാത്രക്ക് അമ്മയെ പ്രേരിപ്പിച്ചത്.അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.പരസ്പരം കൈത്താങ്ങ്‌ ആകേണ്ടിയിരുന്ന ബന്ധങ്ങൾ വൈരികളായപ്പോൾ,നുറുങ്ങിയ ഹൃദയത്തോടെ കടമകൾക്കിടയിൽ ഉഴറി നടന്നു അമ്മ.

അച്ഛനും മകള്ക്കും ഇടയിൽ മൌനം കടൽ പോലെ തിരയടിച്ചു.കാറ്റ് വീശാത്ത,ഇലകൾ പോലും അനങ്ങാൻ മടിച്ച സന്ധ്യ.കാവിൽ വിളക്ക് വച്ച് തൊഴുതു.പിൻകഴുത്തിൽ ആരുടെയോ ചൂടുള്ള നിശ്വാസം.കാതോടു ചേർന്ന് ദേവൂ എന്നൊരു മന്ത്രണം.ഇലഞ്ഞിയും പാലയും പേരറിയാ പൂക്കളത്രയും ഒന്നിച്ചു വിരിഞ്ഞുലഞ്ഞ ഗന്ധം.ഇത് അമ്മൂമ്മയുടെ ഗന്ധർവ്വനാണോ?പ്രണയം തിരയേണ്ടത് ചുറ്റുമുള്ളവരിൽ അല്ലെന്നും, അത് നമ്മുടെ ഉള്ളിൽ നിന്നും നിറഞ്ഞു പുറത്തേയ്ക്ക് ഒഴുകി സർവ്വ ചരാചരങ്ങളെയും സ്നേഹത്താൽ ചേർത്ത് നിർത്തേണ്ടതാണെന്നും തിരിച്ചറിഞ്ഞ ദേവു തന്നെയല്ലേ കല്ലു.

13 comments:

 1. കഥ വായിച്ചു.ഒഴുക്കോടെ പറഞ്ഞുപോയതിനപ്പുറം വിഷയത്തിന്‍റെ ആഴത്തിലേക്ക് ചെല്ലാന്‍ കഴിഞ്ഞിട്ടില്ല.ധാരാളം വായിക്കൂ..സൂക്ഷ്മമായി ശ്രദ്ധിച്ച് നിരീക്ഷിച്ച് ഇനിയും എഴുതൂ..എല്ലാവിധ ഭാവുകങ്ങളും.

  ReplyDelete
 2. കഥ നന്നായിരിക്കുന്നു.... പക്ഷെ ഒത്തിരി ആഴമുള്ള ഒരു വിഷയം എന്ന് പറയാന്‍ ആവുന്നില്ല... ആവിഷ്കാര ഭംഗി ശ്രദ്ധേയം ആണ്.അണമുറിയാതെ ഒഴുക്കോടെ പറയാന്‍ ആവുക തന്നെ വല്യ കഴിവാണ്... അതിനൊപ്പം കുറച്ചു കൂടി കാമ്പും കരുത്തും ഉള്ള ഉള്ളടക്കം കൂടി ആവട്ടെ ഇനി വരുന്നത് എന്ന് ആഗ്രഹിക്കുന്നു.

  ഒരു പക്ഷെ ഒരു ഇരുപതു വര്ഷം മുന്നേ ഒക്കെ ബാല്യം കടന്നു വന്ന ഒരു തലമുറയെ ഗൃഹാതുരത്വത്തിന്‍റെ സുഖമുള്ള നോവ്‌ അറിയിക്കുവാന്‍ ഈ വരികള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവണം.... കാട്ടുള്ളിയും ആഞ്ഞിലി ചക്കയും, മഷിപ്പേനയും, പുസ്തക താളിനിടയിലെ പേരെഴുതിയ റോസാ ദലവും, മിഠായി പൊതികളും സുഗന്ധമുള്ള സോപ്പ് കവറുകളും ഒരു പക്ഷെ പറയാന്‍ വിട്ടു പോയതാവം മാനം കാണാതെ സൂക്ഷിക്കുന്ന മയില്‍‌പ്പീലി, നിധിപോലെ കാത്തു വയ്ക്കുന്ന കന്യാകുമാരി പെന്‍സില്‍, പുസ്തകത്തിനും വസ്ത്രത്തിനും സുഗന്ധം പകരാന്‍ അതിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്ന താഴംപൂവും, മല്ലി കൊഴുന്നും ഒക്കെ കുറച്ചു വര്‍ഷങ്ങള്‍ മുന്‍പുള്ള ഓരോ ഗ്രാമീണ ബാല്യങ്ങള്‍ക്കും ഒരുപോലെ തന്നെയാണ്....

  കെട്ടിച്ചു വിടുമ്പോള്‍ കൌതുകങ്ങള്‍ മറന്നു കളയേണ്ടുന്ന ചിറകു മുറിച്ച പക്ഷികള്‍ ആവണോ പെണ്‍കുട്ടികള്‍ എന്നത് കാലിക പ്രസക്തമായ ഒരു ചോദ്യം കൂടിയാണ്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറു വയസു ആക്കണം എന്ന് വാശിപിടിക്കുന്ന ഒരു സമുദായം അതിനു അവര്‍ നിരത്തുന്ന ന്യായ വാദങ്ങള്‍ ഇവക്കു മുന്നില്‍ ഈ ചോദ്യം ആ സമുദായത്തിലെ ഓരോ പെണ്‍കുട്ടികള്‍ക്കും അവരുടെ നാവിനോപ്പം ചേര്‍ന്ന് നിന്ന് പ്രതിഷേധം അറിയിക്കുന്ന പ്രതീകാത്മക സ്വരം കൂടിയാണ്... ഒരു പക്ഷെ എത്ര വിശാല മനസ്കനായ പുരുഷന് പോലും ഭാര്യയായി കുടിവച്ചു കൊണ്ട് വരുന്നവളുടെ ചിറകുകള്‍ മുറിച്ചു കളയാന്‍ ആഗ്രഹിചില്ലെങ്കിലും കെട്ടിയിടുവാന്‍ ശ്രമിക്കുന്നുണ്ട് തന്നെ..

  Oh Mary go and call the cattle home.. Across the sands of Dee
  The western wind was wild and dank with foam.. And all alone went she.
  എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഈ മേരിയെ ആദ്യമായി കേള്‍ക്കുന്നത്.. ഒരു പക്ഷെ അന്ന് കാണാതെ പഠിച്ചു പരീക്ഷക്ക്‌ എഴുതാനുള്ള ഒരു കവിത എന്നതിനും അപ്പുറം ഒന്നും ഉള്ളിലേക്ക് എത്തിക്കാന്‍ പടിപ്പ്ച്ചു തന്ന ടീച്ചറിനു ആയില്ല എന്ന് തന്നെ പറയണം... പിന്നീട് ഒരു നാലഞ്ച് വര്‍ഷത്തിനു ശേഷം പഠിപ്പിക്കാന്‍ വേണ്ടി ഈ മേരിയെ കുറിച്ച് കൂടുതല്‍ അറിയേണ്ടി വന്നു... അന്ന് മുതല്‍ ഇന്ന് വരെ ഉള്ളില്‍ നിന്നും ഇറങ്ങി പോകാന്‍ ഈ മേരിക്ക് കഴിഞ്ഞിട്ടേ ഇല്ല.... പക്ഷെ ഇവിടെ ശ്രീജ പറഞ്ഞേക്കണ പോലെ മേരി ആട്ടിന്‍ പറ്റത്തെ മേയ്ക്കാന്‍ പോയതല്ല... മേയാന്‍ വിട്ടിരുന്ന ആട്ടിന്‍ പറ്റത്തെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി തീരത്തേക്ക് പോയതാണ് അവള്‍......... കാറും കോളും കൊണ്ട് പ്രക്ഷുംബ്ദമായ തീരത്തിലേക്ക് അവള്‍ തനിയെ പോകുക ആയിരുന്നു..

  മാംസ നിബദ്ധമല്ല അനുരാഗം എന്നത് പറയാന്‍ മാത്രം കൊള്ളാവുന്ന കേള്‍കാന്‍ മാത്രം സുഖമുള്ള ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു.... ഒരു പക്ഷെ കൊഴിഞ്ഞു പോയ ഇന്നലകളില്‍ അത്തരം അനുരാഗത്തിന് ജീവനുണ്ടായിരുന്നിരിക്കണം, എങ്കിലും ഇന്നുകളില്‍ അനുരാഗം രതിയിലൂടെ ജീവന്‍ നീണ്ടു പോകുന്ന, അല്ലെങ്കില്‍ മാംസാകര്‍ഷണ ശേഷിക്കു അനുസൃതമായി തകര്‍ന്നോ നില നിന്നോ പോകാവുന്ന ഒന്ന് മാത്രമാണ് എന്ന് കൂടുതല്‍ കാഴ്ചകളില്‍ നിന്നും മനസിലാകുന്നു... രതിയില്‍ ഉറഞ്ഞു തീരുന്നതാവരുത് പ്രണയം എന്ന് പറയാന്‍ ഉള്ളു കൊതിക്കുമ്പോഴും ഒരു പക്ഷെ രതിയില്‍ ഉറഞ്ഞു തീര്‍ന്നു പോകുന്നു പല പ്രണയവും എന്ന് തിരിച്ചറിയേണ്ടി വരുന്നു....

  സൌഹൃദങ്ങള്‍, പ്രത്യേകിച്ചും ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ അവ ഒരു പരിധിക്കപ്പുറം അടുപ്പത്തിലേക്ക് എത്തുമ്പോള്‍ കാമം വിരല്‍ തൊട്ടു മറനീക്കി പുറത്തേക്കു വരുന്നു... അതും ഇന്നുകളെ സംബന്ധിച്ച് അനുദിനം അളവ് കൂടി വരുന്ന ഒരു യാഥാര്‍ത്ഥ്യം ആണ്... അത് കൊണ്ട് തന്നെ ഇന്നുകളില്‍ സൌഹൃദങ്ങള്‍ പലതും ബെഡ് റൂമില്‍ അവസാനിച്ചു പോകുന്നു എന്ന് കൂടി പറയേണ്ടി വരുന്നു... ഹൃദയങ്ങളുടെ സംവേദനം പൂര്‍ണതയില്‍ നില്‍കുന്ന സൌഹൃദങ്ങള്‍ അവ ഒരു പക്ഷെ ഒരിക്കലും വിടരും മുന്നേ കൊഴിയുന്ന പൂക്കള്‍ ആവുകയില്ല തന്നെ.....

  ReplyDelete
 3. sree.. nee veendum ezhuthunnu ennathu thanne santhosham.. enthezhuthi ennathinekkaal :)

  ReplyDelete
 4. സ്നേഹഗാഥ!!

  എഴുത്തിനാശംസകള്‍

  ReplyDelete
 5. katha vaayichu. oru thalam koode thaazhekkooliyettethaan aavatte. valare aathmaaya vaayanakkuu kazhiyunna visakalanangal kandu santhosham thonni. kooduthal ezhuthaanaavatte

  ReplyDelete
 6. ശ്രീ കഥ വായിച്ചു .പറയാൻ ശ്രമിച്ച കാര്യങ്ങൾ എല്ലാം നല്ലതാണു പക്ഷെ എല്ലാ കാര്യങ്ങളും ഒരുകഥയിൽ
  പറയണം എന്നില്ല അബ്സ്ട്രാക്ടു രീതി ഉപേക്ഷിക്കുക

  ReplyDelete
 7. “There is no greater sorrow
  Than to recall a happy time
  When miserable.”
  ― Dante Alighieri

  ReplyDelete
 8. വായനക്ക്,മനസ്സ് തുറന്നു എഴുതിയ ഈ അഭിപ്രായങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല.ഇനി എഴുതുമ്പോൾ ഈ വാക്കുകൾ എനിക്ക് ശക്തിയും പ്രചോദനവും വഴികാട്ടിയുമാവും.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. നീ എഴുതിയ പല വരികളിലും ഞാന്‍ എന്നെത്തന്നെ കണ്ടു."മഴയില്‍ പറക്കുന്ന പക്ഷികള്‍ " എന്ന പുസ്തകത്തില്‍ K.R മീര പറഞ്ഞതു പോലെ ഒരു ഞരമ്പ് ഭൂമിയിലെ എല്ലാ സ്ത്രീജന്മങ്ങളെയും പരസ്പരം ബന്ധിക്കുന്നുണ്ടാവും...ഇല്ലേ ?

  സമയക്കുറവ് എഴുത്തിന്റെ ഒതുക്കത്തെ ബാധിക്കുന്നുണ്ടാവും.എല്ലാ അമ്മമാരും കടന്നു പോകേണ്ട ഒരു കാലമാണിത്.ആത്മഭാഷണമല്ലേ എഴുത്ത്...അതെന്നു നില്‍ക്കുന്നോ അന്ന് വെറും പുറംതോടു മാത്രമാകും...എഴുതിക്കൊണ്ടിരിക്കൂ...സ്നേഹം.

  ReplyDelete