Saturday, December 7, 2013

മീൻ സ്വപ്‌നങ്ങൾ

കിഴക്ക് വെള്ള കീറിയപ്പോൾ
ചുണ്ടത്തൊരു ബീഡിയും
ചൂണ്ടയും കുടവുമായി വന്നത്
ഞാൻ കണ്ടില്ലെന്നാണോ?

എത്ര പറഞ്ഞിട്ടും കേൾക്കാതെ
ആദ്യം പ്രണയിച്ചവളും ,
ചുംബനമുദ്രകൾ ശീലിപ്പിച്ചവളും ,
തിരകളൊഴിയാത്ത കടലാണ്
സ്നേഹമെന്ന് കാട്ടിത്തന്നവളും,
ഒടുക്കത്തെ പ്രണയമാണിതെന്നു
തീരുമാനിപ്പിച്ചവളും,
കൊച്ചുങ്ങളും ,
ബന്ധക്കാരുമൊക്കെ
നിന്റെ കുടത്തിൽ സുരക്ഷിതരായി.

എന്നിട്ടും എന്നിട്ടും
നീ പോകാതെ
പുതിയ പുതിയ ഇരകളെ കാട്ടി
കൊതിപ്പിക്കുന്നത്
എന്തിനാണ് ?

വിശപ്പും ദാഹവും മറന്നു
വെയിലേറ്റു കരുവാളിച്ചിട്ടും
കാലുകൾ മരവിച്ചിട്ടും
എന്നെ കൂട്ടാതെ
മടങ്ങില്ലെന്ന വാശിയിലാണോ ?

ചില നേരങ്ങളിൽ ഇരയിലൊന്നു നൊട്ടി നുണഞ്ഞും
വാലിട്ടാഞ്ഞടിച്ചും
പാത്തു കളിച്ചും
നിന്നെ കൊതിപ്പിച്ചു ഞാനും മടുത്തു.

ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ
ഉള്ളിയും മുളകും കറിവേപ്പിലയും ചേർന്ന സുഗന്ധക്കൂട്ട്
വെളിച്ചെണ്ണയിലലിയുന്ന സുഖം
മുള്ളുകൾ വേർപെടുന്ന നോവ്‌
നീണ്ടു മെലിഞ്ഞ വിരലുകളുടെ
സ്നേഹ ലാളനകൾ
മൃദു ചുംബനങ്ങൾ
തീവ്രമായ സ്വന്തമാക്കൽ
മീൻ കണ്ണുകളിൽ അപ്പോഴും
ബാക്കിയാകുന്ന
പ്രതീക്ഷകൾ
സ്വപ്‌നങ്ങൾ
പുതിയ പുലരികൾ

ഇരുൾ പരക്കുമ്പോൾ
അത്യധ്വാനത്തിന്റെ നീണ്ട പകലിനൊടുവിൽ
ചൂണ്ടയും കുടവുമായി
മടങ്ങുന്ന നീയും ..

12 comments:

  1. ബാക്കിയാകുന്ന
    പ്രതീക്ഷകൾ
    സ്വപ്‌നങ്ങൾ
    പുതിയ പുലരികൾ :)

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു.ഇന്നത്തെക്കാലത്ത് ഒരുപാട് അര്‍ഥങ്ങള്‍ ഉണ്ട് ഈ കവിതയ്ക്കെന്ന് എനിക്ക് തോന്നു. ഇരകോര്‍ത്ത ചൂണ്ടയുമായി അവര്‍ എപ്പോഴും നമുക്കുചുറ്റുമുണ്ട്..എപ്പോള്‍ വേണമെങ്കിലും ആപത്തില്‍പ്പെടാം!!!!

    ReplyDelete
  3. എന്നിട്ടും എന്നിട്ടും
    നീ പോകാതെ
    പുതിയ പുതിയ ഇരകളെ കാട്ടി
    കൊതിപ്പിക്കുന്നത്
    എന്തിനാണ് ?

    പുതിയ ഇരയുമായി പിന്നാലെ....
    അര്ത്ഥവാത്തായ സുന്ദരമായ വരികള്‍

    ReplyDelete
  4. മീനാക്ഷികള്‍

    ReplyDelete
  5. chumbanamudrakal sheelippichaval....

    ReplyDelete
  6. ഓരോ ചൂണ്ടകൊളുത്തിലും കോര്‍ത്ത്‌ വെച്ചിരിക്കുന്നത് ചതിയില്‍ ചാലിച്ച സ്നേഹമാണെന്നറിഞ്ഞുകൊണ്ട് അത് സ്വയം വിഴുങ്ങുന്നത്, അംഗോപാംഗം തഴുകി തലോടി ആത്മാവിനെ ജ്വലിപ്പിച്ചു ശരീരത്തെ പകുത്തു കൊടുത്തു ഭാരം ഇല്ലാതെ മുള്ളായി മാറുന്ന പ്രണയത്തിന്റെ മായികാനുഭൂതി നുകരുന്നതിന്റെ ആത്മജ്ഞാനം അറിയുന്നത് കൊണ്ടാവും..ഓരോ ചൂണ്ടയും ഒരു പ്രണയദൂത് ആണ് ആത്മസായൂജ്യത്തിലേക്ക് കൈപിടിക്കുന്ന ഇടനിലക്കാരന്‍...മീന്‍ മണമുള്ള ഒരാലസ്യം സിരകളില്‍ നുരഞ്ഞു പതഞ്ഞൊഴുകി...നന്ദി ദേവിയുടെ പ്രസാദത്തിനു

    ReplyDelete
  7. നന്നായിട്ടുണ്ട്....ഒത്തിരി അര്‍ത്ഥ തലങ്ങള്‍ മീൻ സ്വപ്‌നങ്ങൾ ...വരികളില്‍ കുറിച്ച്

    ReplyDelete
  8. ചില നേരങ്ങളിൽ ഇരയിലൊന്നു നൊട്ടി നുണഞ്ഞും
    വാലിട്ടാഞ്ഞടിച്ചും
    പാത്തു കളിച്ചും
    നിന്നെ കൊതിപ്പിച്ചു ഞാനും മടുത്തു.

    ReplyDelete