Monday, December 23, 2013

ഹൃദയം

മുള്ളുകൾക്കിടയിൽ പൂവിനെ തിരയാമെന്നു ,
കാറ്റിലും മഴയിലും പിരിയാത്തൊരു കുടയാകാമെന്നു ,
ഇരുൾ നിറഞ്ഞ സ്വപ്നങ്ങളുടെ ആകാശത്ത്
വാടാത്ത നക്ഷത്രമാകാമെന്നു,
ദിക്കറിയാതെ അലയുമ്പോൾ
എന്റെ മാത്രം ധ്രുവൻ ആകാമെന്ന് ,
വേദനയുടെ എണ്ണമറ്റ തിരകൾ മുറിച്ചു
ഈ കടൽ നീന്തിക്കടക്കാമെന്നു,
മുറിവുകൾ ഉണങ്ങിയീ
ഹൃദയമൊരു പൂവായി വിടരുവോളം
കൂട്ടിരിക്കാമെന്നു ,
എങ്കിലും മൌനം മാത്രമാണെന്റെ ഉത്തരം .

നിനക്കറിയില്ലയീ മുറിവുകളുടെ ആഴം
മുറിഞ്ഞകന്നു പോകും മുൻപ്
ഒന്നായിരുന്നൊരു ഭൂതകാലത്തെ
ഓർമ്മിച്ചെടുക്കാൻ ആവാത്ത തുണ്ടുകൾ
അവയ്ക്കു മീതെ കാലത്തിന്റെ കൈ പിടിച്ചു
ഞാൻ വിരിച്ചിട്ട മറവിയുടെ പുതപ്പു
തണുത്തുറഞ്ഞു മരവിച്ചു പോയൊരു ഹൃദയം
അതിന്മേൽ പെയ്തു പെയ്തു നിറഞ്ഞ ഹിമകണങ്ങൾ .

എത്ര കാലം
എത്ര കോടി സൂര്യന്മാർ ജ്വലിക്കണമിതുരുകി-
യകലുവാനെന്നു അറിയില്ലെനിക്ക്‌
കാത്തിരിപ്പിനൊടുവിൽ
അതിന്റെയുള്ളിൽ
മിടിക്കുന്നൊരു ഹൃദയമുണ്ടാകുമെന്ന് എന്താണ്  ഉറപ്പു?

12 comments:

  1. ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......

    ReplyDelete
  2. പുതിയ ഒരു വാക്ക് പരിചയപ്പെടുന്നു ഹൃദയം നന്നായി

    ReplyDelete
  3. ഒന്നിനും ഉറപ്പില്ലാത്ത ഈ ജീവിത സമസ്യയില്‍
    മുറിവുകള്‍ക്ക് ഉപ്പാകുവാനും വേദനകളെ ഒരു തലോടല്‍ കൊണ്ട് ഇല്ലാതാക്കാനും ഒരാള്‍
    വരുമെന്ന പ്രതീക്ഷ കാത്തിരിപ്പിനു ഉണ്മയാവുന്നു...

    ReplyDelete
  4. എങ്കിലും മൌനം മാത്രമാണെന്റെ ഉത്തരം .

    മാറുമായിരിക്കാം....

    ReplyDelete
  5. നന്നായി
    :)

    സുനിൽ ഉപാസന

    ReplyDelete
  6. നല്ല കവിത




    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....



    ReplyDelete
  7. മൗനം മാത്രമായിരുന്നു ഉത്തരം... ഗതകാലസ്മരണകള്‍
    വെട്ടിമുറിച്ച്, നീര് വറ്റിപ്പോയ പോയ നിളാ പുളിനങ്ങളില്‍ പുതിയ ഉറവകള്‍ സൃഷ്ടിക്കപ്പെടുന്ന ഇടവപ്പാതിയോടും ബന്ധങ്ങള്‍ നല്‍കുന്ന ബന്ധനത്തിന്‍ മുറിപ്പാടുകളില്‍ മരവിച്ചു വിറച്ചു നില്‍ക്കാന്‍ പുതപ്പിച്ചു നിര്‍ത്തിയ ഹിമകനങ്ങളെ തലോടി ഉരുക്കിയുനര്തുവാന്‍ വരുന്ന മീനമാസത്തിലെ സൂര്യകിരണങ്ങളോടും അരുത് എന്ന് പറയാന്‍ മനസ്സ് വിസംമതിക്കുമ്പോള്‍ സ്വയം ഉള്‍വലിഞ്ഞു തീര്‍ക്കുന്ന മൗനം ഉരുക്കാന്‍ ശേഷിയുള്ള പുതിയ പള്‍സാറുകള്‍ പിറന്നിരിക്കാം...അറിയാതിരിക്കാം

    ReplyDelete
  8. എത്ര കാലം
    എത്ര കോടി സൂര്യന്മാർ ജ്വലിക്കണമിതുരുകി-
    യകലുവാനെന്നു അറിയില്ലെനിക്ക്‌
    കാത്തിരിപ്പിനൊടുവിൽ
    അതിന്റെയുള്ളിൽ
    മിടിക്കുന്നൊരു ഹൃദയമുണ്ടാകുമെന്ന് എന്താണ് ഉറപ്പു?

    ReplyDelete
  9. Enkkishtamaayi/
    Pranayam Anubhavikkaanullathaakunnu

    ReplyDelete