Saturday, July 12, 2008

കണക്കുകള്‍

അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു.കണക്കുകള്‍..
.കണക്കുകള്‍..ഒരിക്കലും അവസാനിക്കാത്ത അക്കങ്ങളുടെ കളികള്‍..പാലിന്‍റെ കണക്കു ..പത്രത്തിന്‍റെ കണക്കു,പച്ചക്കറി വാങ്ങിയതിന്‍റെ കണക്കു..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കണക്കുകള്‍..അവളുടെ ദിവസത്തിന്‍റെ തുടക്കവും ഒടുക്കവും ഈ അക്കങ്ങളോട് ഉള്ള മല്‍സരം തന്നെയായിരുന്നു.."നീ അനാവശ്യമായി ചിലവാക്കി കളയുന്നതൊക്കെ ബാങ്കില്‍ ഇട്ടിരുന്നെങ്കില്‍ എത്ര പലിശ കിട്ടിയിട്ടുണ്ടാവും .നീ ഇങ്ങനെ ചിലവാക്കുന്നത് കൊണ്ടാണ്..ഇല്ലെങ്കില്‍ വീടിനു ഒരു നില കൂടെ കെട്ടാമായിരുന്നു..കാര്‍ ഒന്ന് മാറ്റി വാങ്ങാമായിരുന്നു..ഇത്രയേറെ ചിലവുകള്‍ അടുക്കളയില്‍ വരുന്നതെങ്ങനെ" .അവള്‍ക്കു തല ചുറ്റി.ബോധം മറഞ്ഞു താഴേയ്ക്ക് വീണു .കുഞ്ഞിനു കൊടുക്കാനായി കയ്യിലെടുത്ത പാല്‍ താഴെയാകെ പരന്നൊഴുകി,അവളുടെ പാറിപ്പറന്ന മുടിയെ നനച്ചു..


ഒരു നോട്ടു കൂമ്പാരത്തിലാണ് ചെന്ന് വീണതെന്ന് തോന്നി.ചുറ്റും എത്രയൊക്കെയോ അക്കങ്ങള്‍ എഴുതിയ നോട്ടുകള്‍ പറന്നു കളിക്കുന്നുണ്ടായിരുന്നു.അവള്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു.പണം കാണുന്നത് പോലും ഭയമായിരിക്കുന്നു.കണക്കു കുറിയ്ക്കുന്ന പേനയും പേപ്പറും അവളെ ഉറക്കത്തില്‍ പോലും വേട്ടയാടി..ഒരു കൂട് പൊട്ടു വാങ്ങിയാല്‍ ഒരു വര്‍ഷത്തിനു മേലെ ഉപയോഗിക്കും.അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ പൊട്ടു വയ്ക്കാറും ഇല്ല.പിന്നെ മുടിയിലിടാന്‍ രണ്ടോ മുന്നോ ക്ലിപ്പുകള്‍..അതും കറുത്ത നിറമായതിനാല്‍ മാറ്റി മാറ്റി വാങ്ങേണ്ട കാര്യമേയില്ല.ആരോടൊക്കെയോ ഉള്ള വാശി പോലെ നീണ്ട മുടി വെട്ടി ചെറുതാക്കിയിരുന്നു.ഇനി അതിന്റെ മേലെ ചിലവുകള്‍ വേണ്ട..ഇളം നിറത്തിലെ രണ്ടോ മൂന്നോ സാരികള്‍...നനച്ചാലും നനച്ചാലും നിറം കുറയാത്തത്ര ഇളം നിറങ്ങളിലെ മനോഹരമായ സാരികള്‍ ..ഇതൊക്കെയാണ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അവളുടെ അധിക ചിലവുകള്‍ ..


ബോധം വീണപ്പോള്‍ അവള്‍ ചുറ്റും നോക്കി..താന്‍ കിടന്നത് നോട്ടുകളുടെ മുകളില്‍ ആയിരുന്നില്ലേ..അതൊരു തോന്നല്‍ മാത്രമായിരുന്നോ ..ആശ്വാസം തോന്നി..ഒരു ദിവസമെങ്കിലും എണ്ണിയാല്‍ തീരാത്ത കണക്കുകള്‍ ഇല്ലാത്തൊരു ലോകത്ത് ജീവിച്ചു മരിച്ചെങ്കില്‍...

6 comments:

 1. നന്നായിട്ടുണ്ട് കേട്ടോ ........ജിവിതം എന്നാല്‍ ഒരു കണക്കിന് കണക്കുകുട്ടലുകള്‍ ആണ് ....എല്ലായ്പ്പോഴും അത് സരിയകാറില്ല എന്ന് മാത്രം....

  ReplyDelete
 2. കണക്കുകള്‍ ഇല്ലാത്ത ജീവിതം കണ്ടെത്താന്‍ പ്രയാസം....
  പക്ഷേ ഇത്രയും കണക്കുകള്‍,!! ശരിക്കും ശ്വാസം മുട്ടിക്കുന്നവ,ഒരു സാരി അധികം വാങ്ങാത്തവന്‍ എങ്ങനെ കാറ് വാങ്ങിക്കും...!!
  നന്നായിരിക്കുന്നൂ..... ചെറിയ വരികളില്‍ വലിയൊരു കണക്ക്...

  ReplyDelete
 3. എണ്ണിയാല്‍ തീരാത്ത കണക്കുകള്‍ ഇല്ലാത്തൊരു ലോകത്ത് ജീവിച്ചു മരിക്കുവാന്‍ കഴിയട്ടെ...

  ReplyDelete
 4. ശിഷ്ടം നഷ്ടമാവുന്ന കണക്കു പുസ്തകങ്ങളില്‍
  ‍ഗുണിച്ചും ഹരിച്ചും വെറുതെ.

  ReplyDelete
 5. ഈ വരികള്‍ ഇവിടെ കുറിക്കുന്നു.

  "കാവ്യപുസ്തകമല്ലോ ജീവിതം
  ഒരു കാവ്യപുസ്തകമല്ലോ ജീവിതം
  ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ?
  ഏടുകളെവിടെ?

  അനഘഗ്രന്ഥമിതാരേ തന്നു?
  മനുഷ്യന്റെ മുന്‍പില്‍ തുറന്നുവെച്ചു
  ജീവന്റെ വിളക്കും കൊളുത്തിവെച്ചു
  അവന്‍ ആവോളം വായിച്ച് മതിമറക്കാന്‍...

  ആസ്വദിച്ചീടണം ഓരോ വരിയും
  ആനന്ദ സന്ദേശ രസമധുരം
  ഇന്നോ നാളയോ വിളക്കു കെടും
  പിന്നയോ....ശുന്യമാം അന്ധകാരം..

  മധുരകാവ്യമിതു മറക്കുന്നു
  ഇതില്‍ മണ്ടന്മാര്‍ കണക്കുകള്‍ കുറിക്കുന്നു
  കൂട്ടുന്നു പിന്നെ കിഴിക്കുന്നു
  ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു...."

  ReplyDelete
 6. എന്തോന്ന് കണക്ക്...? വീണേടം വിഷ്ണുലോകം

  ReplyDelete