Thursday, January 27, 2011

മതില്‍ക്കെട്ട്

നമുക്കിടയില്‍ ഒരു
ചില്ല് പാളി മാത്രം
പാറി വീഴുന്നൊരു പൂമ്പൊടി പോലും
തുടച്ചു മാറ്റുവാന്‍ വ്യഗ്രത പൂണ്ടു നാം
ആദ്യ കാലങ്ങളില്‍

കാലം ചെല്ലവേ
രണ്ടു ലോകങ്ങള്‍
അതിന്റെ സ്വകാര്യതകള്‍
കാറ്റും മഴയും
വേനലും മഞ്ഞും
തുടച്ചു മിനുക്കാന്‍
ആരുമേ പണിപ്പെടാത്ത ചില്ല് പാളി
സുതാര്യത നഷ്ടപ്പെട്ടൊരു
മതില്‍ക്കെട്ട് തീര്‍ത്തു

വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
കാഴ്ചയും മറഞ്ഞു അകലുകയാണ്.

24 comments:

  1. ആരെങ്കിലും ഒരു കല്ലെടുത്തെറിഞ്ഞെങ്കിൽ ...

    ReplyDelete
  2. ജീവിതമാകുന്ന കണ്ണാടി, അത് ആദ്യം നല്ല തെളിമയുള്ളത് ആയിരിക്കും എന്നാല്‍ പിന്നീട് അത് മങ്ങാന്‍ തുടങ്ങും . അതിനപ്പുറത്തുള്ള കാര്യങ്ങള്‍ മനസിലാക്കുവാന്‍ കഴിയാതെ പോകുന്നു. നല്ല കവിത

    ReplyDelete
  3. നല്ല വരികള്‍... നല്ല തീം. എന്തെ എല്ലാരും ഇങ്ങനെ കവിത എഴുതുന്നില്ല?
    പല കവിതകളും വായിച്ചാല്‍ ഒന്നും മനസ്സിലാവാറില്ല. അതാ.പക്ഷെ അത് അവരുടെയോ ആ സൃഷ്ട്ടിയുടെയോ കുഴപ്പമായിരിക്കില്ല. വായിക്കുന്ന എന്റെ ആവാം...

    ReplyDelete
  4. വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
    കാഴ്ചയും മറഞ്ഞു അകലുകയാണ്.

    ചില്ലാണ് കാരണമെങ്കില്‍ പൊട്ടിച്ചു കളയാം :)

    ന്നന്നായി!

    ReplyDelete
  5. വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
    കാഴ്ചയും മറഞ്ഞു അകലുകയാണ്.

    എന്തായിരുന്നു പ്രശ്നം ? കവിത നന്നായി ദേവി.

    ReplyDelete
  6. ശ്രീക്കുട്ടീ...ഇടവേളയ്ക്കു ശേഷം കുഞ്ഞു വരികളില്‍ വലിയ സത്യം ...മനോഹരമായ ഇമേജുകള്‍ ..ഭാവദീപ്തം ..എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..കാരണം ഇത് കവിതയുള്ള സത്യമാണ് ...

    ReplyDelete
  7. കല്ലെടുത്തെറിയണംന്നു തോന്നും മനുഷ്യർക്കൊക്കെ. പക്ഷേ എറിയില്ല. ആ മതിലങ്ങനെ കട്ടികൂടി കട്ടികൂടി കരിമതിലാവും. ഉരുക്കു മതിലാവും. പിന്നെ കാണാതെ കേൾക്കാതെ ഒടുങ്ങും...

    നന്നായിരിക്കുന്നു ശ്രീദേവി.

    ReplyDelete
  8. ചില്ലുമതിലുകൾ, അതാര്യമായ കനത്ത ഭിത്തികളായി മാറുന്ന ദൌർഭാഗ്യം! നന്നായിട്ടുണ്ട്!

    ReplyDelete
  9. എല്ലാം തറച്ചിടാന്‍ ഒരു മതില് കെട്ടണം
    എല്ലാം തറ പിച്ചാലും മതിലില്‍ അല്‍പ്പം ഇടം ബാകി വെക്കണം
    അവസാനം നമ്മളെ തന്നെ തറക്കാന്‍

    ReplyDelete
  10. നല്ല കവിത.
    നമുക്കിടയിലുള്ള മതിൽ പൊട്ടിക്കാൻ നാട്ടാരെന്തിനു വരണം.
    അവർ കണ്ടിട്ടുപോലുമുണ്ടാകില്ല ഈ അദൃശ്യമതിൽ!
    അതു പൊട്ടിക്കാൻ നമ്മൾ രണ്ടുപേർ തന്നെ വിചാരിക്കണം.
    അല്ലേ!?
    നടക്കില്ലാത്ത എന്തെല്ലാം സ്വപ്നങ്ങൾ...

    ReplyDelete
  11. ആ ചില്ല് പാളിയൊന്നുടച്ചു നോക്കൂ...
    അതിപ്പോഴും ചില്ല് തന്നെയാണ്.
    കവിത ഇഷ്ടപ്പെട്ടു...

    നന്ദി..

    ReplyDelete
  12. വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
    കാഴ്ചയും മറഞ്ഞു അകലുകയാണ്.

    ആദ്യകാലങ്ങളില്‍ ചെറുത് പോലും തുടച്ച് മാറ്റാന്‍ സമയം കണ്ടെത്തിയിരുന്ന അതേ മനുഷ്യന്‍ തന്നെ ഇന്ന് ആര്‍ത്തിയോടുമ്പോള്‍ സമയമില്ലെന്നു പരിതപിക്കുന്നു.
    എറ്റവും ഇഷ്ടായത് വായിച്ചാല്‍ മനസ്സിലാകുന്നു എന്നത് തന്നെ.

    ReplyDelete
  13. വാക്കുകള്‍ മുറിഞ്ഞതല്ല
    ചില്ലുടച്ച്
    അതിലൊരു കീറിനാല്‍
    മുറിക്കപ്പെട്ട ഞരമ്പ്
    ഒഴുകിത്തീരുകയാണ്..
    കാഴ്ച മറയുന്നു
    ഒഴുക്ക് നിലക്കുന്നു
    എല്ലാം ശാന്തമാകുന്നു..

    കവിത ഇഷ്ടമായി,
    അവസാനവരികള്‍ പ്രത്യേകിച്ചും.

    ReplyDelete
  14. കൂട്ടുകാരീ... വാക്കുകള്‍ പണ്ടേ മുറിഞ്ഞ പോയവരാണ്-

    കാഴ്ചക്കുവേണ്ടി കവിതയുടെ വഴിചുരുട്ട് കത്തിക്കുന്നത്.

    ആശംസകള്‍..

    ReplyDelete
  15. 'വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
    കാഴ്ചയും മുറിഞ്ഞകലുകയാണ്‌'
    -ശ്രീ കവിത വളരെ നന്നായിട്ടുണ്ട്, ഹ്രസ്വസുന്ദരം! ആശംസകൾ.

    ReplyDelete
  16. തുടച്ചു മിനുക്കാത്ത എല്ലാം അങ്ങനെയാണ്...

    ReplyDelete
  17. തുടച്ചു വൃത്തിയാക്കണോ?
    എടുത്തുമാറ്റണോ?

    ReplyDelete
  18. അകലം ഉണ്ടാവുന്നത് ഇങ്ങനെ തന്നെ. നല്ല കവിതകള്‍.

    ReplyDelete
  19. കയറിവന്നപ്പോള്‍ തന്നെ മനോഹരമായ പെണ്‍കുട്ടിയുടെ ചിത്രം പിന്നെ ആശയസമ്പുഷ്ടമായ വരികള്‍..ഒരുപാടിഷ്ടപെട്ടു..

    ReplyDelete
  20. സ്വയംനവീകരണം മാത്രമാണ് പോംവഴി. അത് ആവശ്യവുമാണ്.

    ReplyDelete
  21. വാക്കുകള്‍ പണ്ടേ മുറിഞ്ഞ നമുക്കിടയില്‍
    കാഴ്ചയും മറഞ്ഞു അകലുകയാണ്......
    നന്നായി എഴുതി... നന്ദി....

    ReplyDelete
  22. nalla vrithiyulla akakanniloodey nokki kanda karapuranda jeevithathintey aavishkaaram...

    nannayituundu..
    aasamsakal

    ReplyDelete
  23. ആരെങ്കിലും ഒരു കല്ലെടുത്തെറിഞ്ഞെങ്കിൽ ..ഹഹ ഇട്ടിമാളൂന്റെ അതേ അഭിപ്രായം തന്നെയാണെനിക്കും!
    ഇഷ്ടപ്പെട്ടു ഈ കവിത ഞാന്‍ ഒരു കല്ലെടുത്ത് ടുംന്ന് ഒരൊറ്റയേറ് കൊടുത്തിരിക്കുന്നു!

    ReplyDelete
  24. ചില്ലുമതിലുകള്‍...

    ReplyDelete