Sunday, June 26, 2011

എന്‍റെ കഥ,നിന്‍റെയും

                                         രാത്രി വായനയ്ക്കും എഴുത്തിനും ശേഷമുള്ള അല്‍പ നേരത്തെ ഉറക്കത്തിനിടയില്‍ കുടിക്കാനായി കുറച്ചു വെള്ളം ഞാന്‍ എപ്പോളും അരികിലെ ജനല്‍ പടിയില്‍ വച്ചിരുന്നു.അത് വാടക വീടായാലും ഹോട്ടല്‍ ആയാലും അങ്ങനെ തന്നെ.കഥയും കഥാപാത്രങ്ങളും എവിടെയോ പോയി ഒളിച്ച ഒരു കാലത്ത്,കഥയ്ക്കുള്ള എന്‍റെ തപസ്സിനു അനുയോജ്യമായ ഒരിടം ഞാന്‍ തേടി.ഒരു ഹോട്ടലിന്റെ ആഡംബരവും അന്യഥാബോധവും തരാത്ത,മരങ്ങള്‍ നിറഞ്ഞ തൊടിയുള്ള  ആ വീട് എനിക്കിഷ്ടമായി.

                                            ഇവിടെയ്ക്കുള്ള വരവ് ആദ്യമല്ല.പല കാലങ്ങളില്‍ പല സ്വപ്നങ്ങളുമായി വന്നു കൊണ്ടേ ഇരുന്നു.ചെറുപ്പത്തിന്റെ തിളപ്പില്‍ കഞ്ചാവും
 കറുപ്പും പകര്‍ന്ന ആവേശത്തില്‍ വിപ്ലവവും പ്രണയവും ജ്വലിച്ച വരികള്‍ പിറവിയെടുത്തത് ഇവിടെയാണ്.സ്വയം മറന്നു സ്വതന്ത്രനായി ജീവിക്കാന്‍.ഇഷ്ടമുള്ളപ്പോള്‍ ഉണരാനും ഉറങ്ങാനും,വിശക്കുമ്പോള്‍ മാത്രം കഴിക്കാനും കുളിക്കാതെ മുഷിഞ്ഞു നടക്കാനും.താടിയും മുടിയും നീട്ടി വളര്‍ത്തി പ്രാകൃതനാവാനും.എന്തിനേറെ എല്ലാ ഭ്രാന്തുകളും പുറത്തെടുക്കാന്‍ ഒരിടം.എനിക്ക് ഞാനായിരിക്കാന്‍,അതിരുകളും നിയമങ്ങളും ഇല്ലാത്ത ഒരിടം.
 
                                     പണവും പ്രശസ്തിയും നേടി തന്നു കഥകള്‍.പക്ഷെ ചില നേരങ്ങളില്‍ എറിഞ്ഞുടച്ചു കളയാന്‍ തോന്നി ഈ ജീവിതത്തെ.കലയെ വ്യഭിചരിക്കുന്നു,വില്‍ക്കുന്നു എന്ന തോന്നല്‍.കലാകാരന്റെ അസ്തിത്വ ദുഃഖം.അങ്ങനെ ഒരു സാമൂഹ്യ ജീവിയുടെ വേഷം കെട്ടി ആടാന്‍ കഴിയാതെ ഇരുന്നപ്പോളൊക്കെ ഇവിടം അഭയമായി.മുറ്റത്തെ മണലില്‍ ആകാശം നോക്കി ഉറങ്ങി.വെയില്‍ മൂക്കും വരെ പുഴയിലെ വെള്ളത്തില്‍ ഞാനും ഒരു മീനായി നീന്തി തുടിച്ചു.നക്ഷത്രങ്ങളെ കണ്ടു കിടന്നു,മഴയില്‍ നനഞ്ഞൊലിച്ചു.പണം കൈ കൊണ്ട് തൊടാതെ സ്വസ്ഥനായി,ശാന്തനായി.ഈ വീടിനു അപ്പുറം ലോകം ഉണ്ടെന്നു മറന്നു.

                                                  പൂക്കളും മരങ്ങളും നിറഞ്ഞ തൊടിയുടെ മണ്ണിന്റെ ഗന്ധം നുകര്‍ന്ന് ,സ്വസ്ഥനായി ശാന്തനായി ഭൂമിയുടെ നെഞ്ചില്‍ കിടക്കുമ്പോള്‍ ഈ ലോകത്ത് ഒന്നിനും തരാനാവാത്ത തൃപ്തി.കണ്ണടച്ച് കിടന്നു കിളിയുടെ പാട്ട് കേട്ട്..പുറത്തു കുത്തി നോവിക്കാന്‍ നോക്കുന്ന മണല്തരികളോട് കളി പറഞ്ഞു അങ്ങനെ അങ്ങനെ.
ഇവിടെയ്ക്കുള്ള യാത്രകള്‍ എന്നും തനിച്ചായിരുന്നു.ഒരിക്കല്‍ മാത്രം.ഒരിക്കല്‍ മാത്രം അവള്‍ കൂടെ വന്നു.അവള്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കോ പോയവള്‍.പക്ഷെ ആ ദിവസങ്ങള്‍ക്കു മാന്ത്രിക ശക്തി ഉണ്ടായിരുന്നു.മനസ്സിനും ശരീരത്തിനും പിന്നെ ഒരു പെണ്ണിനെ അറിയണമെന്ന് തോന്നിയിട്ടില്ല.

                                                 ഒരു വൈകുന്നേരം വായനശാലയില്‍ നിന്ന് മടങ്ങും വഴിയാണ് ആ കത്ത് കയ്യില്‍ വന്നു പെട്ടത്.അപരിചിതത്വമില്ലാത്ത,പൊള്ളയായ വാക്കുകളില്‍ മൂടി പോകാത്ത നാല് അഞ്ചു വരികള്‍.

പ്രിയപ്പെട്ട നന്ദാ,

നിങ്ങള്‍ എന്തൊരു മനുഷ്യനാണ്?ഒരു പുസ്തകത്തില്‍ അതെഴുതുന്നവനെ പറ്റി ഒരു കുറിപ്പ് വേണമെന്ന് അറിയില്ലേ.നാലാള്‍ കേട്ടിട്ടില്ലാത്ത അവാര്‍ഡും പ്രത്യേകിച്ചൊന്നും പറയനില്ലേലും സ്വന്തം പേരില്‍ തുടങ്ങിയ വെബ്സൈറ്റ് ലിങ്കും അങ്ങനെ എന്തെല്ലാം പൊങ്ങച്ചങ്ങള്‍ ആണ് ഓരോ പുസ്തകത്തിലും.ഇത്ര ദാര്‍ഷ്ട്യം പാടുണ്ടോ?എന്‍ നന്ദന്‍ എന്ന പേര് മാത്രം.നിങ്ങളെ ഒന്ന് കണ്ടു പിടിക്കാന്‍ ഞാന്‍ പെട്ട പാട്.ഇപ്പോള്‍ തന്നെ ഈ ഇല്ലന്റ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ പോസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ അത്ഭുത ജീവിയെ നോക്കുമ്പോലെ!!!എന്നാലും തിരഞ്ഞു തിരഞ്ഞു അവസാനം കിട്ടിയ ഈ മേല്‍വിലാസത്തില്‍ നിങ്ങളുടെ ഈ അഹങ്കാരത്തിന് ഒരു ശകാരം എങ്കിലും അയക്കാതെ എങ്ങനെ?എന്‍റെ അഡ്രസ്‌ താഴെ.സൌകര്യപ്പെട്ടാല്‍ എഴുതു.
സ്നേഹത്തോടെ
വിമല

                                                 നല്ലഭ്രാന്തു തന്നെ.ആരാധനയുടെ,ഇഷ്ടത്തിന്റെ ലാഞ്ചന പോലുമില്ലാത്ത കത്ത്.വായിച്ചു മുഷിഞ്ഞപ്പോള്‍ വീണ്ടുമെടുത്തു  അവളുടെ കത്ത്.നീല നിറമുള്ള കടലാസില്‍ കൂനന്‍ ഉറുമ്പുകള്‍ വരിയിട്ട പോലെ ഭംഗിയുള്ള അക്ഷരങ്ങള്‍.ദൂരെയോ എവിടെയോ ഉള്ള അവളെ വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു.ഭ്രാന്തി.പക്ഷെ അവസാനം ഒരു മറുപടി എഴുതി.അതൊരു തുടക്കമായിരുന്നു.ഈ ഭൂഗോളത്തിലെ സകലതിനെ പറ്റിയും കത്തുകള്‍  എഴുതി,ഞങ്ങളെ കുറിച്ച് ഒഴികെ.

                                             പുതിയ കഥയുടെ ബീജം മനസ്സില്‍ വീണു എന്നെ ഭ്രാന്തിന്റെ പടവുകളിലെയ്ക്ക് കൈ പിടിച്ചു തുടങ്ങിയിരുന്നു.അപ്പോള്‍ അവളുടെ ഒരു കത്തിന് മറുപടിയായി എഴുതി.ഇനി എഴുത്തിന്റെ കാലമാണ്.എനിക്കെന്നെ നഷ്ടമാകും.കഥാപാത്രങ്ങളും അവരുടെ ജീവിത സഞ്ചാരങ്ങളും എന്‍റെ ബോധ മണ്ഡലത്തെ തകര്‍ക്കും.ഒരു ഉന്മാദത്തിന്റെ അവസ്ഥയിലാണ് എന്നില്‍ ഓരോ കഥയും ജനിക്കുക.കുറച്ചു നാള്‍ ഞാന്‍ തനിച്ചിരിക്കാന്‍ പോകുന്നു.പരസ്പരം ശല്യമാകാതെ ഇരിക്കാമെന്ന് ഉണ്ടെങ്കില്‍,താല്പര്യമെങ്കില്‍ ശനിയാഴ്ച വൈകുന്നേരം കാത്തു നില്‍ക്കുക.അര്‍ദ്ധ ബോധാവസ്ഥയില്‍ എഴുതി തീര്‍ത്തു.
                                                 പേനയും പേപ്പറും തോള്‍ സഞ്ചിയിലാക്കി യാത്രക്കൊരുങ്ങി.ഓരോ യാത്രയും എനിക്കൊരു തീര്‍ത്ഥാടനം ആയിരുന്നു.പുതിയ ചിന്തകളും സ്വപ്നങ്ങളുമായി സ്വയം നവീകരിക്കാന്‍.കഥാപാത്രങ്ങള്‍ ഉഴുതു മറിക്കുന്ന മനസ്സ് ഒരിക്കലും പഴയത് പോലെ ആകാറില്ല.കഥാന്ത്യം ജീവിത ഭാണ്ഡങ്ങളും പേറി അവര്‍ കുടിയിറങ്ങുമ്പോള്‍,പുതിയ ഊര്‍ജ്ജവും യൌവനവും എന്നെ തേടി എത്തുന്നു.
                                                          കാത്തു നില്‍ക്കാമെന്ന് പറഞ്ഞിടത്ത്,പാറി പറന്ന മുടിയുമായി ഒരു പെണ്ണ്.ഒന്നിച്ചു ബസില്‍ കയറി.അടുത്തടുത്ത്‌ ഇരുന്നു.മൌനം.മൌനം അതിന്റെ പൂര്‍ണ്ണ നിറവില്‍.വാക്കുകള്‍ കൊണ്ട് അശുദ്ധമാക്കാന്‍ രണ്ടാള്‍ക്കും മടി തോന്നിയിരിക്കണം.ജാലകത്തിനപ്പുറം ഓടി മറയുന്ന കാഴ്ചകളില്‍ കണ്ണുടക്കിയിരുന്നു.ഇടക്കെപ്പോളോ തോളിലേയ്ക്ക്‌ പാറി വീണ മുടിയിഴകള്‍ക്കു പനിനീരിന്റെ ഗന്ധം.
                                                        ചെമ്മണ്‍ പാതയ്ക്കിരുവശമായി ഞങ്ങള്‍ നടന്നു നീങ്ങി.വാക്കുകള്‍ അപ്പോളും അകന്നു നിന്നു.വീടിനുള്ളില്‍ ഞങ്ങള്‍ രണ്ടു ലോകങ്ങളില്‍ ജീവിച്ചു.അവിടെ മറ്റൊരു മനുഷ്യ ജീവി ഉണ്ടെന്നു എനിക്ക് തോന്നിയതെ ഇല്ല.കഥയുടെ ഭ്രാന്തിനെ വരികളില്‍ ഞാന്‍ ഉരുക്കിയെടുത്തു.അവസാന വരിയും കഴിഞ്ഞപ്പോള്‍,മനസ്സ് മെല്ലെ അവളെ തിരഞ്ഞു തുടങ്ങി.പുഴയിലും മണ്ണിലും കാറ്റിലും അലിഞ്ഞു അവളൊരു ചിത്രശലഭം ആയിരുന്നു അപ്പോളേയ്ക്കും..
                                                     ആ മടിയില്‍ ഒരു കുഞ്ഞിനെ പോലെ നക്ഷത്രങ്ങള്‍ കണ്ടു,കഥകള്‍ കേട്ട് ഞാന്‍ കിടന്നു.ആ അനുഭവങ്ങളുടെ മുന്‍പില്‍ എന്‍റെ കഥകള്‍ നാണിച്ചു പോയി.ആത്മാവ് കൊണ്ട് പ്രണയിക്കുന്നവരുടെ ഒന്നാകല്‍ എത്ര മനോഹരമാണ്? നൈമിഷികമായ സുഖങ്ങള്‍ക്ക് അപ്പുറം ജീവിതമാകെ മാറി മറിഞ്ഞു.അവളെന്‍റെ സ്വപ്നങ്ങളില്‍,ചിന്തകളില്‍,സിരകളില്‍,നിശ്വാസങ്ങളില്‍,രക്തത്തില്‍,മജ്ജയില്‍,മാംസത്തില്‍ എല്ലാം അലിഞ്ഞു,നിറഞ്ഞു.ഞാന്‍ അവളും അവള്‍ ഞാനുമായി..സമയവും കാലവും നിലച്ചു പോയ ദിനങ്ങള്‍.സ്വപ്നവും സംഗീതവും ഇഴ ചേര്‍ന്ന ദിനങ്ങള്‍.ഒരു ചാറ്റല്‍ മഴയായി തുടങ്ങി പിന്നീട് ആര്‍ത്തലച്ചു പെയ്തു ഞങ്ങള്‍ പരസ്പരം നിറഞ്ഞു.എനിക്കവളെയോ അവള്‍ക്കെന്നെയോ ഇനിയൊരിക്കലും നഷ്ടമാകാന്‍ കഴിയാത്ത പോലെ.
                                          ഒന്നിനും അനന്തമായി നിലനില്‍ക്കാന്‍ ആവില്ല.മഴവില്ലിനു മായാതെ വയ്യ.ചന്ദ്രനും സൂര്യനും അസ്തമിക്കാതെ തരമില്ല.കാത്തിരിക്കാന്‍ അനേകമനേകം സൂര്യോദയങ്ങളും ചന്ദ്രോദയങ്ങളും ഉണ്ടാകും.എങ്കിലും ഇന്നത്തെ സൂര്യന് അസ്തമിച്ചേ മതിയാവൂ,ഇന്നത്തെ ചന്ദ്രന് വിടപറയാതെ വയ്യ.കാലാതിവര്തിയായി ഒന്നും നിലനില്‍ക്കുന്നില്ല.
                                         യാത്ര പറയാതെ,കണ്ണീര്‍ പൊടിയാതെ കാത്തു നിന്നിടത്തു വച്ച് ഞങ്ങള്‍ പിരിഞ്ഞു.ആത്മാവില്‍ അലിഞ്ഞവര്‍ പിരിയുക എന്നൊന്നുണ്ടോ?സങ്കല്പങ്ങളെക്കാള്‍ അതിഭാവുകത്വം ഉണ്ടാകും ജീവിതത്തിനു എന്ന് പറഞ്ഞത് മാര്‍കൈസ് അല്ലെ.

                                 അവസാന വരി എഴുതി കഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു.അവള്‍ക്കു കൊടുത്ത വാക്കാണ്‌ തെറ്റിക്കുന്നത്.ഒരിക്കലും കഥയാക്കില്ലെന്നു വാക്ക്,എനിക്കും നിനക്കും മാത്രം സ്വന്തമായതെന്ന വാക്ക്.

23 comments:

  1. കഥയെ ഇഷ്ടപെടാതിരിക്കാന്‍ വയ്യ. നല്ല കയ്യടക്കമുള്ള ഭാഷയും, അവതരണവും തന്നെ. നന്നായിട്ടുണ്ട്.

    ചിലഭാഗങ്ങള്‍ മറ്റെവിടെയോ വായിച്ചുപോയ കഥകളെ ഓര്‍മ്മിപ്പിച്ചതുകൊണ്ട് ഒരു വ്യത്യസ്തത അനുഭവപെട്ടില്ലെന്ന് പറയും. ഒരു പക്ഷേ “എനിക്കും നിനക്കും” സ്വന്തമായത് അവളും കഥയാക്കികാണും ;)
    ***************
    കഥ പോസ്റ്റ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പൊ തന്നെ വായിച്ചതാ. അരുടേം കമന്‍‌റ് കണാഞ്ഞതോണ്ട് ഒന്നും മിണ്ടാതെ പോയി. ഡാഷ്ബോര്‍ഡിലിത് ഒരുപാട് താഴേക്ക് പോകുന്നതോണ്ട് ഇനി കാത്തിരിക്കണില്ല. ആദ്യത്തേതാണേല്‍ ദോണ്ടെ, സൈഡിലൊരു തേങ്ങാ വച്ചിട്ടുണ്ട്. അതെടുത്ത് ഉടച്ചേക്കണേ! [[[[[ O ]]]]] ;)

    ReplyDelete
  2. ഗദ്യ രൂപത്തിലുള്ള കവിതയാണ് ശ്രീദേവിയുടെ കഥകള്‍. വായന മനോഹരമായ അനുഭവമാകുന്നുണ്ട് ഇവിടെ. ആശംസകളോടെ...

    ReplyDelete
  3. ആദ്യമേ മാപ്പ് പറയട്ടെ, താമസിച്ചു പോയി. ക്ലാസ് തുടങ്ങിയതുകൊണ്ട് പഴയപോലെ സമയം ഇല്ല.


    കഥ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. നന്ദനും വിമലയും പിന്നെയും എന്തൊക്കെയോ പറയുന്നത് പോലെ.
    ആത്മാക്കള്‍ ഇഴുകി ചേര്‍ന്നാല്‍ പിന്നെന്തു വേര്‍പാട്? വേര്‍പാടിന്റെ വേദന എന്ന് പറയുന്ന എന്തോ ഒന്ന് അവിടെ തീരുന്നു. ഇതൊക്കെയാണ് ഭ്രാന്തെങ്കില്‍ ആ ഉന്മാദത്തിനും ഒരു സുഖമില്ലേ.

    ReplyDelete
  4. കഥയില്ലാത്ത എനിക്കും നിനക്കും മാത്രം സ്വന്തമായ വാക്കു പോലും തെറ്റിച്ചുകൊണ്ട് ആത്മാവില്‍ അലിഞ്ഞവര്‍ പിരിയുക എന്നൊന്നുണ്ടോ എന്നറിയില്ലെങ്കിലും അത്തരം ഒരു പ്രണയത്തിന്റെ ഒന്നാകല്‍ പോലെ ജനിച്ച കഥ. ഭാവന നന്നായിരിക്കുന്നു.

    ReplyDelete
  5. ശ്രീദേവിയുടെ കഥക്ക് ഒരു ഭാവഗാനദീപ്തി കൈവന്നിട്ടുണ്ട്. മോഹിപ്പിക്കുന്ന ഒരു സ്ത്രീപുരുഷബന്ധം ഈ കഥയെ മനോഹരമാക്കി.

    ReplyDelete
  6. ആദ്യമായാണ്‌ ഇവിടെ.
    ആദ്യ വായന തന്നെ നല്ലൊരു അനുഭവം .
    സുന്ദരമായ കഥ, ഭാഷയും അവതരണവും വളരെ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  7. മനോഹരമായി, കാഥികന്റെ ലോകം. വായിച്ചപ്പോള്‍ അവരുടെ ലോകത്തില്‍ അദൃശ്യസാന്നിധ്യമായി ഈയുള്ളവനും.പിന്നെ ഓര്‍മ്മ വന്നത് ശ്രീനിവാസന്‍ ഏതോ സിനിമയില്‍ പറഞ്ഞതാണ്‌ "എത്ര അതിമനോഹരമായ നടക്കാത്ത സ്വപ്നം ..."
    വെറുതെ ആളുകളെ വഴിതെറ്റിക്കരുത് കേട്ടോ......:-)

    ReplyDelete
  8. ഞാനും ഇവിടെ ആദ്യമാണെന്നു തോന്നുന്നു.. കഥ വായിച്ചു, എനിക്കിഷ്ടപ്പെട്ടു (ഒരു കഥ വായിച്ചു പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ധൈര്യമില്ലാത്ത്തു കൊണ്ടാണ് കേട്ടൊ ചുരുക്കി പറഞ്ഞത് ).. ഇനിയും ഇടക്കു വരാം.. :)

    ReplyDelete
  9. ആദ്യമായി ഈ വഴി വന്നു വായിച്ചു.കഥ വളരെയേറെ ഇഷ്ട്ടപെടുകയും ചെയ്തു.ആശംസകള്‍......

    ReplyDelete
  10. ആത്മാവില്‍ അലിഞ്ഞവര്‍ വേര്‍പിരിയുന്നതെങ്ങിനെ? അവര്‍ ശാരീരികമായി മാത്രമേ പിരിയുന്നുള്ളു. മനസ്സു കൊണ്ട് അവരെന്നും ഒന്നിച്ചായിരിക്കും. അതുകൊണ്ടു തന്നെയാണ്‌ നന്ദന്‌ പിന്നിടൊരിക്കലും മനസ്സു കൊണ്ടോ ശരീരം കൊണ്ടോ പിന്നെ ഒരു പെണ്ണിനെ അറിയണമെന്ന് തോന്നാതിരുന്നതും. അനിര്‍‌വചനീയമായ ആത്മാവിന്റെ ഇഴയടുപ്പം വളരെ മനോഹരമായി എഴുതി. ആശംസകള്‍.

    ReplyDelete
  11. ഈ എഴുത്തില്‍ കവിതയാണു കൂടുതല്‍, ഭാഷയ്ക്ക് തണുപ്പുണ്ട്. സ്നേഹപൂര്‍വ്വം സ്മിത.

    ReplyDelete
  12. കഥ വായിച്ചു.നന്മകള്‍.

    ReplyDelete
  13. ഒന്നിനും അനന്തമായി നിലനില്‍ക്കാന്‍ ആവില്ല.മഴവില്ലിനു മായാതെ വയ്യ.ചന്ദ്രനും സൂര്യനും അസ്തമിക്കാതെ തരമില്ല.കാത്തിരിക്കാന്‍ അനേകമനേകം സൂര്യോദയങ്ങളും ചന്ദ്രോദയങ്ങളും ഉണ്ടാകും.എങ്കിലും ഇന്നത്തെ സൂര്യന് അസ്തമിച്ചേ മതിയാവൂ,

    നല്ല ഭാഷ
    നന്നായി എഴുതി.

    ReplyDelete
  14. hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  15. അസ്ഥിത്വവാധി

    ReplyDelete
  16. ഒരു സുന്ദര പ്രണയ,വിരഹ കവിത വായിച്ച സുഖം....അല്ല,. അത് കണ്ടറിഞ്ഞ സുഖം......നന്മ നേരുന്നു.

    ReplyDelete
  17. കഥ വരുന്ന വഴി നല്ലത്

    ReplyDelete
  18. മനോഹരമായ അവതരണം.

    ReplyDelete
  19. നന്നായിട്ടുണ്ട് ......

    ReplyDelete