Monday, May 24, 2010

കണ്പീലികള്‍ പറയാന്‍ മറന്നത് ..

                                         അവള്‍..എന്നായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് വന്നത്.ഓര്‍മ്മിച്ചെടുക്കാന്‍ നോക്കും തോറും വഴുതി മാറി കൊണ്ടിരുന്നു.അവളെ പോലെ തന്നെ.pdc ക്ലാസ്സില്‍ അവള്‍ ഉണ്ടായിരുന്നോ? ഒരിക്കലും കണ്ടില്ല എന്നാണോ? അങ്ങനെ വരാന്‍ ന്യായമില്ല.ചുറ്റുമുള്ള ഓരോ പുല്ലിനെയും പുല്‍ക്കൊടിയെയും വരെ മനസ്സ് നിറയെ കണ്ടു നടന്ന എന്‍റെ മനസ്സില്‍ ഉടക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല അവളില്‍ എന്നതാണ് നേര്..എല്ലാവരെയും കണ്ടു,എന്നാല്‍ ആരെയും കാണാത്ത പോലെ ഒരു രാജ്ഞിയുടെ തലയെടുപ്പോടെ മാത്രമേ ഞാന്‍ എവിടെയും നടന്നിരുന്നുള്ളൂ..പിന്തുടര്‍ന്ന് എത്തുന്ന നോട്ടങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു.


ആ നോട്ടങ്ങള്‍ ഒന്നും മനസ്സിലേയ്ക്ക് കടന്നില്ല.ഹോസ്റ്റലില്‍ സ്ഥിരം പറയാറുള്ളത് പോലെ -"അതൊന്നുമല്ല എന്‍റെ മനസ്സിന് ഇണങ്ങിയ ആള്‍".മീശയില്ലാത്ത എന്ത് പൌരുഷമാണ്.എന്നെ നോക്കി എന്‍റെ പിന്നാലെ നടക്കുന്ന ഒരാളോട് എനിക്ക് ആരാധന തോന്നില്ല..


എനിക്ക് ബഹുമാനവും ആരാധനയും തോന്നുന്ന ഒരാളോടെ പ്രണയം തോന്നൂ..ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഇത് വരെ അങ്ങനെ ആരും ഉണ്ടായില്ല.ആ പോട്ടെ..പ്രണയത്തോട് ആണ് എനിക്ക് പ്രണയം..അത് ആളുകളോട് ആവുമ്പോള്‍ നമ്മുടെ ഗീതു നടക്കുന്ന പോലെ നിലാവാത്തിട്ട കോഴിയെ പോലെ..അതൊന്നും എനിക്ക് ശെരിയാവില്ല.പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ് എന്നെങ്കിലും അങ്ങനെ ഒന്നുണ്ടായാല്‍, ഈ ലോകത്ത് ആര് പ്രണയിച്ചതിനെക്കാളും തീവ്രമായി എനിക്ക് പ്രണയിക്കണം..

"രാവിലെ തന്നെ ഫിലോസഫി പറഞ്ഞു കൊല്ലല്ലേ"..നീലിമ ഓടി രക്ഷപെട്ടു..
പറഞ്ഞു വന്നത് എന്നെ പറ്റിയല്ലല്ലോ.അവളെ പറ്റിയല്ലേ..പാദസ്പര്‍ശം പോലും ഭൂമിക്കൊരു നോവാകരുതെന്നു കരുതി അത്ര മേല്‍ മൃദുലമായ വാക്കും പ്രവര്‍ത്തികളും ഒക്കെയായി ഒരാള്‍.ഇങ്ങനെ ഒരാള്‍ ഇവിടെ കഴിയുന്നു എന്നൊരു തോന്നല്‍ ആരിലും ഉണ്ടാക്കാത്ത വണ്ണം  സൌമ്യമായ ഒരാള്‍..


വൈകുന്നേരത്തെ കത്തി വയ്ക്കല്‍ കാര്യമായി പുരോഗമിക്കുമ്പോള്‍ ആണ്,നടുമുറ്റം കടന്നു ഒരാള്‍,കൈ തണ്ടയില്‍ അലക്കിയ തുണികളും തൂക്കി കടന്നു വരുന്നു.നീലിമയോട് ചോദിച്ചു "ആരാടീ ഈ സ്മ്രിതിലയം?".ഉം നീ അറിഞ്ഞില്ലേ. literature ഇലെ ആണ്..ഒരു മിണ്ടാപ്രാണി..
വൈകുന്നേരത്തെ TT കളിക്കിടയില്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടാകും..വാശിയോടെ ഞാന്‍ ജയിച്ചു കയറുമ്പോള്‍ ഒക്കെ ഉയര്‍ന്നു വരുന്ന കയ്യടികള്‍..പിന്നെ birthday പാര്‍ടികളിലെ ഞങ്ങള്‍ടെ തട്ടിക്കൂട്ട് നാടകങ്ങളിലെ താല്‍ക്കാലിക നായിക ആയി പലപ്പോളും അവളെത്തി.മൌനത്തോളം വാചാലമായി ഒന്നുമില്ലെന്ന് എന്നെ പഠിപ്പിച്ചത് അവളാണ്.കാമ്പസിലെ സ്ഥിരം നാലുമണി കൂട്ടങ്ങളില്‍,മറ്റുള്ളവര്‍ക്കായി കാത്തു നിന്നപ്പോള്‍ പലപ്പോളും ഞങ്ങള്‍ തനിച്ചായത്‌ നിമിത്തമാണോ?അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ ചിതറി വീഴാതെ ആ നിമിഷങ്ങളെ അവള്‍ കാത്തു സൂക്ഷിക്കുമായിരുന്നു.


ഇടക്കൊക്കെ മാത്രം കണ്ണുകള്‍ ഇടഞ്ഞു.ആത്മവിലെയ്ക്കെന്ന പോലെ ഉള്ള അവളുടെ നോട്ടങ്ങള്‍.അര്‍ത്ഥമറിയാതെ ഞാന്‍ പകച്ചു.

എന്തിനും ഏതിനും,വാക്കുകള്‍ കൊണ്ട് മായാജാലം കാട്ടിയിരുന്ന ഞാന്‍ ..എനിക്ക് സംസാരിക്കാന്‍ വിഷയം ഇല്ലാതെ ആയി..ഞങ്ങള്‍ക്കിടയില്‍ മൌനം ഉറഞ്ഞു കൂടുമ്പോള്‍,എന്‍റെ മനസ്സില്‍ പേരറിയാത്തൊരു പേടി നിഴല്‍ വിരിച്ചു..

ഒരിക്കല്‍ നാടക റിഹെര്സലിനു ഇടയില്‍ ഞാന്‍ വെറുതെ തമാശക്ക്  ചോദിച്ചു..കൊച്ചെ ഇതെന്തു എണ്ണയാണ് നീ മുടിയില്‍ വയ്ക്കുന്നത്? കാട്ട് മുല്ലയുടെ മണം ആണല്ലോ നിനക്ക്? അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍?

"കാട്ട് മുല്ല കണ്ടിട്ടുണ്ടോ?" "എവിടുന്നു? പക്ഷെ ഇത് തന്നെ ആവും ആ മണം.എനിക്കങ്ങനെ തോന്നി". ഒരു നിമിഷം അരങ്ങിലെ വേഷം ആടി തിമിര്‍ത്തു..

പിന്നെയുള്ള ദിവസങ്ങളില്‍ അവളുടെ മുഖത്ത് നോക്കാതെ ആയി നടപ്പ്.കോളേജ് അടക്കുകയാണ്.അവധി ദിവസങ്ങളില്‍ ഓടി അണയാന്‍ സ്നേഹം തുളുമ്പുന്ന ഒരു കൂടും,അവിടെ കടല്‍ പോലെ സ്നേഹവുമായി ഒരമ്മയും ഇല്ലാത്തതു കൊണ്ട് കാമ്പസില്‍ തന്നെ ആവും എന്‍റെ അവധിക്കാലവും.ആദ്യത്തെ കുറെ ദിവസങ്ങളില്‍ പുസ്തകങ്ങളുടെ ലോകത്ത് മുങ്ങി പോയിരുന്നു ഞാന്‍. ayn rand ന്റെ "The Fountain Head" .


എത്രാമത്തെ തവണ ആണത് വായിക്കുന്നത്?ഇന്ന് വരെ തോന്നിയതില്‍ ഏറ്റം തീവ്രമായ പ്രണയം അതിലെ നായകനായ ഹോവാര്‍ഡ് റോര്‍ക്ക് ഇനോട് ആയിരുന്നു.കഥ പുരോഗമിക്കവേ അതിലെ ഏതെങ്കിലുമൊരു നിമിഷം അയാള്‍ മുന്‍പില്‍ വന്നിരുന്നെങ്കില്‍,വേര്‍പിരിയാനാവാത്ത പോലെ ഞങ്ങള്‍ ഒന്നായേനെ എന്ന് പോലും തോന്നിയിട്ടുണ്ട് ..അയാളോട് തോന്നിയത് ഒരു പ്ലാടോനിക് ലവ് ഒന്നും ആയിരുന്നില്ല.
മനസ്സിന്‍റെ വിശപ്പ്‌ അടങ്ങിയ  ഒരു ദിവസം, കുളിച്ചു ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.വെറുതെ ചുറ്റി തിരിഞ്ഞു അമ്പലത്തിന്റെ അരികില്‍ എത്തി.അകത്തേയ്ക്ക് കയറിയില്ല..കാറ്റ് കൊണ്ട് ആല്‍ത്തറയില്‍ ഇരുന്നു.ദീപാരാധന കഴിഞ്ഞു.ഇല ചീന്തില്‍ പായസവുമായി അവള്‍..ഒരു നിമിഷം കാലം കീഴ്മേല്‍ മറിഞ്ഞു.ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കാല്‍ കീഴില്‍ വാടിയൊരു ഇലച്ചീന്തില്‍ മണ്‍തരികള്‍ കുഴഞ്ഞു പായസം.


പിന്നെ ഒരു ഓട്ടം ആയിരുന്നു.എന്നില്‍ നിന്ന്.അവളില്‍ നിന്ന്..ആലിലകള്‍ സാക്ഷി നിന്ന ആ ഓര്‍മ്മകളില്‍ നിന്ന്..കൂമ്പി നിന്ന വാചാലമായ അവളുടെ കണ്പീലികളില്‍ നിന്ന്..ഊരും പേരും തിരയാതെ,ബന്ധുക്കള്‍ കണ്ടെത്തിയ ഏതോ ഒരാള്‍ക്ക് മുന്‍പില്‍ കഴുത്ത്‌ നീട്ടിയ അന്ന് മുതല്‍ ഈ നിമിഷം വരെ..
സ്നേഹം തിരയരുതെന്നു പഠിപ്പിച്ചു തന്ന ജീവിതം..വച്ചും വിളമ്പിയും വല്ലാതെ തളരുമ്പോള്‍,ഒന്ന് മുഖം ചേര്‍ക്കാന്‍ ഒരു സ്നേഹ സാന്ത്വനവും ഇല്ലാത്തപ്പോള്‍,ചിലപ്പോളെങ്കിലും എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു..തെറ്റും ശെരിയും തിരഞ്ഞു മടുത്ത ഈ ജീവിതത്തില്‍,ഈ ഓര്‍മ്മകളെ ശെരിയുടെ ഭാഗത്ത്‌ ചേര്‍ത്ത് വയ്ക്കാനാണ് എനിക്കിഷ്ടം..





15 comments:

  1. വായനക്കാര്‍ക്കായി ഒരു കുറിപ്പ് - മാംസ നിബദ്ധം അല്ലാത്ത ബന്ധങ്ങള്‍ കഥയിലും കവിതയിലും മാത്രം കണ്ടു ശീലിച്ച നമ്മുടെ ചിന്തകള്‍ക്കും രസനകള്‍ക്കും ഇത് വഴങ്ങണം എന്നില്ല..ഇതിനെ പ്രണയമെന്നോ സ്നേഹമെന്നോ എങ്ങനെ നിര്‍വചിക്കണമെന്ന് എനിക്കൊട്ടു അറിയുകയുമില്ല.. ജീവിത കാലം മുഴുവം വച്ചും വിളമ്പിയും നടന്നിട്ടും ആര്‍ദ്രമായൊരു നോട്ടമോ സ്നേഹം നിറഞ്ഞൊരു വാക്കോ കിട്ടാത്ത എന്റെ വര്‍ഗ്ഗത്തിന് വേണ്ടി ആണിത്... ഇത് കാണുമ്പൊള്‍ ഞാന്‍ ഒരു പുരുഷ വിദ്വേഷി എന്ന് കരുതരുത്..പിറന്നാള്‍ ദിവസം പായസം വച്ച് ഭാര്യക്ക്‌ വിളമ്പുന്ന അച്ചന്മാരും ഏട്ടന്മാരും ഉണ്ടെന്നു അറിയുന്നവളാണ്..ഭാര്യയുടെ ഓരോ കുഞ്ഞു നൊമ്പരങ്ങളും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നവരെയും എനിക്കറിയാം..പക്ഷെ ആ ഭാഗ്യം നിഷേധിക്കപ്പെടുന്ന എണ്ണമറ്റ സ്ത്രീകള്‍ക്ക് വേണ്ടിയാണിത്..


    സ്നേഹിക്കാനും സംരക്ഷിക്കാനും വേണ്ടപ്പെട്ടവര്‍ മറക്കുമ്പോള്‍,മുന്‍പിലേക്ക് നീട്ടപ്പെടുന്ന ചെറിയ സാന്ത്വനങ്ങള്‍..അവിടെ കാമത്തിന്‍റെ കറ പുരണ്ടിട്ടില്ല.. ഒളിഞ്ഞു നോക്കി രസം പറയാന്‍ തോന്നുന്ന ഒന്നുമില്ല..



    ഒരു കഥയ്ക്ക്‌ മുന്‍പ് ഇത്ര മേല്‍ ആമുഖം, എഴുത്തുകാരിയുടെ പരിമിതി തന്നെ ആണ്..

    ReplyDelete
  2. പ്രണയം ഡീകോഡ് ചെയ്ത്
    വായിച്ചു ഗ്രഹിക്കാന്‍
    പുരുഷവര്‍ഗ്ഗം
    തല്പരരാകാത്തതെന്തേ!!
    പ്രണയമില്ലാത്ത രതിയോ
    മനുഷ്യ ശരീരത്തില്‍ നടക്കുന്ന
    ഭീകരപ്രവര്‍ത്തനമാണ് .

    ReplyDelete
  3. ജീവിതത്തിന്റെ തീച്ചൂളയിലേക്ക് പ്രവേശിക്കുമ്പോള്‍ കണ്ടിരുന്ന സ്വപ്നങ്ങളും കേട്ടിരിക്കുന്ന സ്നേഹവും അതേപടി നിലനിര്‍ത്താന്‍ പ്രയാസമാണ്.ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാതെ നീളുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മറയാകുന്നു. തമ്മില്‍ തിരിച്ചറിവ് ഉള്‍ക്കൊള്ളുമ്പോള്‍‍
    സ്വരുക്കൂട്ടിയ പ്രണയത്തിന് ഭാവഭേദങ്ങള്‍ സ്വാഭാവികം.

    ഇഷ്ടായി.
    ആശംസകള്‍.

    ReplyDelete
  4. രതി പ്രകൃതി ജന്യമായ പ്രത്യുല്‍പാദനപരമായ ഒന്നുമാത്രം. അത്‌ ജീവജാലങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നു. അതില്‍ നിന്നും ഭിന്നമായി മനുഷ്യനിലെത്തുമ്പോള്‍ ഒട്ടേറെ ഭാവ ഗുണങ്ങളുണ്ടാകുന്നു.മനുഷ്യനില്‍ രതി പ്രണയത്തിണ്റ്റെ ആദ്യപടി മാത്രമാണ്‌. ഭൂരിപക്ഷം പേരും ഈ ആദ്യപടിയില്‍ കുരുങ്ങികിടക്കുകയും മുകളിലത്തെ പടികളുടെ സ്മരണപോലുമില്ലാതെ ജീവിച്ചു മരിക്കുകയും ചെയ്യുന്നു. പ്രണയം നമ്മെ തന്നെ വിസ്മരിപ്പിക്കുന്ന അനുഭൂതിയിലേക്കുള്ള പ്രയാണം തന്നെ. ഈ കഥ അത്തരം ഒരു പ്രണയത്തെ, ഒന്നു രണ്ടായി ഇരട്ടിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. നമ്മുടെ ചിന്തകളെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. കാവ്യാത്മകമായ രചനാ ശൈലി കാത്തു സൂക്ഷിക്കുന്നു. ആശംസകള്‍.

    ReplyDelete
  5. പ്രണയം കഥകളിലും സിനിമകളിലും ആയി വല്ലാതെ ഒതുങ്ങിപ്പോയിരിക്കുന്നു എന്ന് തോന്നുന്നു.
    റൊമാന്റിക് സിനിമകളും കഥകളും വല്ലാതെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ഈ കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു...എല്ലാ ആശംസകളും...

    ReplyDelete
  6. ശ്രീദേവിയുടെ സത്വത്തെ അടിമുടി ഗ്രഹിച്ച പ്രണയത്തിന്റെ ചൂട് അതേ മട്ടിലനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞില്ലങ്കിലും ഇത് ഇഷ്ടപ്പെട്ടു.)ജീവിതത്തിലെ മറ്റ് അനുഭവങ്ങളില്‍ നിന്ന് പ്രണയത്തെ വ്യത്യസ്ഥമാക്കുന്നത് അത് തികച്ചും ഇത് പോലുള്ള വ്യക്തിപരമാ‍യ അനുഭങ്ങളാണ്, ഓരോ പ്രണയത്തിനുമുണ്ട് അതിന്റേതായ ഭൂമിയും ആകാശവും!ആശംസകള്‍

    ReplyDelete
  7. ഇഷ്ടായി.
    ആശംസകള്‍.

    ReplyDelete
  8. വ്യത്യസ്തമായൊരു കഥ. അഭിനന്ദനം. പ്രണയത്തിന്‌ ഇങ്ങിനെയൊരു ഭാവമുണ്ട് അല്ലേ? കൊള്ളാം..

    ReplyDelete
  9. പ്രണയത്തിന് ഐണകൾ ആവശ്യമാണ്. അതൊരു ബന്ധമാണ്; പുറത്തേയ്ക്ക് ഗമിക്കുന്നതാണ്. അത് പുറത്തേയ്ക്ക് സഞ്ചരിക്കുന്ന ഊർജ്ജമാണ്.അവിടെ ഒരു പ്രീതിപാത്രമ കൂടി ഇരിപ്പുണ്ട്.പ്രണയഭാജനം.ആ പ്രണയഭാജനം നിങ്ങളെക്കാളും പ്രാധാന്യമുള്ളതായിത്തീരുന്നു. നിങ്ങളുടെ ആനന്ദം ആ പ്രണയഭാജനത്തിലാണ്.നിങ്ങളുടെ പ്രണയഭാജനം സന്തോഷിച്ചാൽ നിങ്ങൾക്കും സന്തോഷമായി.നിങ്ങൾ പ്രണയഭാജനത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. അവിടെ ഒരൌതരം ആശ്രിതത്വമുണ്ട്. മറ്റൊരാൾ ആവശ്യവുമാണ്. മറ്റൊരാളെക്കൂടാതെ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും.
    (പ്രണയത്തിന്റെ രഹസ്യങ്ങൾ-ഓഷോ)

    ReplyDelete
  10. congrats ...
    ithippo mathrubhumide mb4eves online pagil und ..
    aa vazhi ivide ..

    ReplyDelete
  11. http://www.mathrubhumi.com/mb4eves/

    ivide vannittund ..:)

    ReplyDelete
  12. പ്രണയത്തെക്കുറിച്ചായിരിക്കും ഈ ലോകത്ത് ഏറ്റവും കൂടൂതല്‍ എഴുതപെട്ടിട്ടുള്ളത്.
    എന്നാലും ഇനിയുമേറെ രചനകള്‍ക്കായി കാലം കാതോര്‍ത്തിരിക്കുകയാണ്‌.
    നല്ല പോസ്റ്റ്.
    ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കയാത്ര അനുഭവപ്പെടുന്നു.

    ReplyDelete
  13. ആമുഖത്തിന്റെ ആവശ്യം അനിവാര്യമല്ലായിരുന്നു ഈ കഥയ്ക്ക്

    ReplyDelete