Sunday, August 22, 2010

തെറ്റുകള്‍

തെറ്റുകള്‍ പല വിധം
അറിയാത്തൊരു കൈപ്പിഴ
മാപ്പ് പറഞ്ഞു
അവസാനിപ്പിക്കാവുന്നത്

നൊന്തവനും നോവിച്ചവനും
ഒന്നു പോലെ മറന്നു കളയുന്നത് ...

മനസ്സറിയാതെ സംഭവിക്കുന്നത്‌
അറിയുന്ന നിമിഷം
മനസ്സാക്ഷിക്കു മുന്‍പിലൊരു
മാപ്പ് പറച്ചിലില്‍ മായുന്നത് ...


പിന്നെ ചിലത് ...
ഒരിക്കലും തിരുത്താന്‍ ആവാത്തത്
കൂട്ടുമ്പോളും കുറയ്ക്കുമ്പോളും
ശെരിയുത്തരം കിട്ടാത്തൊരു
കണക്കു പോലെ

തിരുത്താന്‍ നോക്കും തോറും
കൂടുതല്‍ തെറ്റിലേയ്ക്ക് ...


അഴിയുമ്പോളും മുറുകുമ്പോളും
വല്ലാതെ നോവിച്ചു
അഴിഞ്ഞകലാന്‍ മടിച്ചു
അന്ത്യശ്വാസം വരെ ..
ഉണങ്ങാന്‍ മടിക്കുമൊരു
വ്രണം പോലെ..

8 comments:

  1. ഏറെ കാലങ്ങള്‍ക്ക്ശേഷം ശ്രീ ഒരു കവിത എഴുതിയിരിക്കുന്നു. തെറ്റിന്റെ വിവിധ തലങ്ങള്‍. എല്ലാം ആപേക്ഷികമല്ലേ ശ്രീ. ഇന്നത്തെ തെറ്റ് ഇന്നലെ തെറ്റായിരുന്നില്ല. ഇന്നത്തെ ശരി നാളെ ശരിയാകും എന്നെന്തുറപ്പ്. അതുകൊണ്ട് എല്ലാം മറന്നു കളഞ്ഞു മന്ദസ്മിതത്തോടെ നടന്നു മറയുക തന്നെ. കവിത മനോഹരമായി.

    ReplyDelete
  2. എനിക്ക് ശരിയെന്നു തോന്നുന്നത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം.ഓരോരുത്തര്‍ക്കും അവരവരുടെ ശരികള്‍ എന്നാണ് എനിക്ക് തോന്നുന്നത്.തെറ്റ് ശരി എന്നോന്നും ഇല്ല അതൊക്കെ നമ്മുടേയും സമൂഹത്തിന്റെയും നില നില്‍പ്പിന് വേണ്ടി ആരോ കണ്ടെത്തിയ വാക്കുകള്‍ മാത്രമാണ്..അല്ലങ്കില്‍ തന്നെ ഇത് തെറ്റാണ് ഇത് ശരിയാണ് എന്നോക്കെ തീരുമാനിക്കുന്നതാരാണ്.ദൈവമൊ? ഈ ദൈവം ഉണ്ട് അദ്ദേഹം എല്ലാം കാണും എന്ന് തന്നെ പറഞ്ഞ് പഠിപ്പിച്ച വലിയ തെറ്റ്!! ഞാന്‍ ഓടട്ടെ ഇനി ഇതിലെന്തെങ്കിലും തെറ്റുണ്ടങ്കില്‍ തിരുത്താനാവുന്ന തെറ്റുകളുടെ വിഭാഗത്തില് ഉള്‍പ്പെടുത്തണംസ്.ആശംസകളോടെ
    പ്രദീപ്

    ReplyDelete
  3. സ്വന്തം മനസ്സാക്ഷിയുടെ മുമ്പില്‍ തെറ്റുകാരാകാത്തിടത്തോളം ഒരു തെറ്റും തെറ്റാവുന്നില്ല. ഒരു പക്ഷെ, അപ്പോള്‍ തെറ്റ് ശരിയുമാകാം!

    നല്ല കവിത.

    ReplyDelete
  4. കാലാന്തരങ്ങളില്‍ ശരി തെറ്റുകള്‍
    പരസ്പര പൂരകങ്ങള്‍ ആയി മാറുകയും
    മറയുകയും പിരിയുകയും ചെയ്തു പോരുന്നു.
    എല്ലാം ആപേക്ഷികം.
    അതുകൊണ്ട് ആശംസകള്‍.

    ReplyDelete
  5. ചിലരുടെ ശരികള്‍ , അവരുടെ മാത്രം ശരികളാണ്‌. അതും ഒരുപാടു തെറ്റുകള്‍ക്ക് വഴിവെക്കുന്നുണ്ട്.തെറ്റുകളെ കുറിച്ചുള്ള ഈ കവിത നന്നായി, പക്ഷെ ചില അക്ഷര തെറ്റുകള്‍ കണ്ടു, മാറ്റിയാല്‍ നന്നായിരിക്കും.

    ReplyDelete
  6. ഭാനു- ചില തീരുമാനങ്ങള്‍ ...ആ നിമിഷത്തില്‍ അങ്ങനെ ഒന്ന് ശെരി ആയിരുന്നിരിക്കാം..പക്ഷെ കാലക്രമേണ അതൊരു തെറ്റായിരുന്നു എന്ന് നമ്മള്‍ തിരിച്ചറിയുമ്പോള്‍ ..ഒന്നും തിരുത്താന്‍ ആവാതെ ...അങ്ങനെയും ഇല്ലേ ചിലത് ..
    മഴ- വലിയ ആശയങ്ങള്‍...:) ഞാന്‍ ഒന്നൂടെ വായിച്ചു ഒന്ന് മനസ്സിലാക്കട്ടെ :)
    അനില്‍കുമാര്‍. സി.പി - നൂറു ശതമാനം സത്യം ..
    nirbhagyavathy - ഈ വഴി വന്നതിനു,വായനക്ക്,അഭിപ്രായത്തിനു ഒക്കെ ഹൃദയം നിറഞ്ഞ നന്ദി
    Raghunath.ഓ- കുറെ കാലത്തിനു ശേഷമാണല്ലോ മാഷേ കാണുന്നത്
    ദീപുപ്രദീപ്‌ - തെറ്റുകള്‍ ചൂണ്ടി കാട്ടിയതിനു നന്ദി ട്ടോ..ശെരിയക്കിയിട്ടുണ്ട്
    സോണ ജി - സന്തോഷം മാഷേ

    ReplyDelete