Saturday, June 28, 2008

കണ്ണന്‍റെ രാധ

എന്നാണ് രാധയുടെ ജീവിതത്തിലേയ്ക്കും സങ്കല്പങ്ങളിലെയ്ക്കും കണ്ണന്‍ കടന്നു വന്നത്.അറിയില്ല.ഏതോ ഒരു അവധിക്കാലത്ത്‌ പിരിഞ്ഞു പോയ കൂട്ടുകാരിയുടെ സമ്മാനമായിട്ടാണ് കണ്ണന്‍ അവളുടെ വീട്ടിലേക്കു വിരുന്നുകാരനായി വന്നത്.പിന്നെ പൂജ മുറിയിലേക്കും അവിടെ നിന്ന് രാധയുടെ മനസ്സിലേക്കും സ്വപ്നങ്ങളിലേക്കും കണ്ണന്‍ മെല്ലെ കടന്നു കയറി.സന്തോഷവും സങ്കടവും പരാതിയും പരിഭവവും ഒക്കെ കണ്ണനോട് പറയല്‍ ഒരു പതിവായി.ആദ്യം ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവളുടേത്‌.കണ്ണാ ഇന്ന് ബസ് കിട്ടണേ.എട്ടു മണിക്കത്തെ പോയാല്‍ പിന്നെ അങ്ങനെ നില്‍ക്കണം മുക്കാല്‍ മണിക്കൂര്‍.വൈകി ക്ലാസ്സില്‍ ചെല്ലാന്‍ എനിക്കിഷ്ടമല്ലെന്ന് അറിയാല്ലോ..അല്ലെങ്കില്‍..കണ്ണാ ഇന്നത്തെ ടെസ്റ്റ് പേപ്പര്‍ ഒന്ന് മാറ്റി വയ്പ്പിച്ചു കൂടെ .ഒരു മാര്‍ക്ക് കൂടെ കുറഞ്ഞാല്‍ ദേവി ടീച്ചര്‍ ചെവി വട്ടം കിഴുക്കും.പിന്നെ ഇന്ന് മുഴുവന്‍ തീരെ തട്ടില്ലാത്ത അവളുടെ ചെവി ചുവന്നു വേദനിച്ചു കൊണ്ടേ ഇരിക്കും..സ്നേഹവും അധികാരവും ചേര്‍ന്ന സ്വരത്തില്‍ രാധ അങ്ങനെ കണ്ണനോട് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ രാധ ഇടയ്ക്കിടയ്ക്ക് കണ്ണനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു.അഞ്ഞൂറിനു മേലെ മാര്‍ക്ക് കിട്ടിയില്ലേല്‍ മോശമാണ് കേട്ടോ ..എനിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കണ്ണാ നിനക്കാണ് കുറച്ചില്‍.മുഖത്ത് വരുന്ന ചിരിയൊതുക്കി കണ്ണന്‍ അങ്ങനെ രാധയെ നോക്കിയിരിക്കും.സന്ധ്യക്ക്‌ കുളിച്ചു കുറിയിട്ട് വിളക്കിനു മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു നാമം ജപിക്കുന്ന രാധയെ നോക്കിയപ്പോള്‍ കണ്ണന്റെ ഉള്ളില്‍ അറിയാത്തൊരു കുസൃതി ചിന്ത "എന്‍റെ രാധ ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട്"..രാവിലെ പൂമാല ഇടുകയും വിളക്കിലെ തിരി മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ അവളുടെ മുടിതുമ്പില്‍ നിന്ന് അറിയാതെ വീഴുന്ന മഴത്തുള്ളികളെ അവന്‍ പ്രണയിച്ചു തുടങ്ങിയിരുന്നോ ...?

ഒരു ദിവസം നാമം ജപിച്ച ശേഷവും ഏറെ നേരം രാധ പൂജാമുറിയില്‍ തന്നെ ഇരുന്നു..ഒന്നും പറയാതെ..ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ.എന്‍റെ കണ്ണാ എനിക്കവനെ ജീവനാണ്.പക്ഷെ അര്‍ഹിക്കാത്ത എന്തോ ആഗ്രഹിക്കുന്നുവെന്ന് മനസ്സ് പറയുന്നുവല്ലോ.പറയാന്‍ മറ്റാരുമില്ല കണ്ണാ.നിന്നെ പോലെ എന്നെ അറിയുന്ന ആരുണ്ട്‌..എനിക്ക് മുന്‍പില്‍ ഒരു വഴി കാണിച്ചു തരൂ..അവനില്ലാതെ എനിക്കാവില്ല..എനിക്ക് വേണം കണ്ണാ.അവന്‍റെ ഒപ്പം ഒരു ജീവിതം..അത് മാത്രം മതി..രാധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അത് കാണാന്‍ ആവാതെ കണ്ണുകള്‍ ഇറുക്കെ അടച്ചു താന്‍ ഒരു വിഗ്രഹം മാത്രമാണെന്നു കണ്ണന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

കണ്ണ്
തുറന്നപ്പോള്‍ പൂജ മുറിയില്‍ രാധ ഉണ്ടായിരുന്നില്ല.നിലവിളക്ക് കരിന്തിരി കത്തി പുകയുക ആയിരുന്നു.പുക കയറി കണ്ണന്റെ കണ്ണുകളും കലങ്ങിയിരുന്നു.രാജ്യ തന്ത്രങ്ങള്‍ മെനഞ്ഞു മഹാ യുദ്ധങ്ങള്‍ വിജയിപ്പിച്ചവനാണ്.യുദ്ധ ഭൂമിയില്‍ തളര്‍ന്നിരുന്ന അര്‍ജുനന് ആത്മധൈര്യം നല്കിയവനാണ്..എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു.ഏതോ മായയില്‍ കുരുങ്ങി അവന്‍റെ സ്നേഹം അറിയാതെ പോയ രാധയുടെ അറിവില്ലായ്മയെ പോലും കണ്ണന്‍ പ്രണയിച്ചു കൊണ്ടേ ഇരുന്നു....

11 comments:

  1. ""രാജ്യ തന്ത്രങ്ങള്‍ മെനഞ്ഞു മഹാ യുദ്ധങ്ങള്‍ വിജയിപ്പിച്ചവനാണ്.യുദ്ധ ഭൂമിയില്‍ തളര്‍ന്നിരുന്ന അര്‍ജുനന് ആത്മധൈര്യം നല്കിയവനാണ്.. എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു."

    :)

    ReplyDelete
  2. ആദ്യം ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു അവളുടേത്‌ഈ ഭാഗം എനിക്ക് കൂടുത്ല് ഇഷ്ടമായി, രാധയുടെ നിഷ്കളങ്കതയും..
    പിന്നെ കണ്ണന്‍ പാവം...മൊഴികള്‍ ഇല്ലാത്ത വാക്കുകള്‍ എത്ര എന്നാവും ചിന്തിച്ചിട്ടുണ്ടാവുക അല്ലെ?

    ReplyDelete
  3. അവന്‍റെ സ്നേഹം അറിയാതെ പോയ രാധയുടെ അറിവില്ലായ്മയെ പോലും കണ്ണന്‍ പ്രണയിച്ചു കൊണ്ടേ ഇരുന്നു....

    ഇതു പ്രണയത്തിന്റെ മാത്രം സ്വഭാവം. ലാഭ-നഷ്ടങ്ങളില്ലാത്ത മനസ്സിന്റെ സമര്‍പ്പണം. നന്നായിരിക്കുന്നു.

    ReplyDelete
  4. സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയം....! ഒരു പാഴ്വാക്കല്ലേ അത്, നഷ്ടപ്പെട്ടവന്റെ ആത്മനൊമ്പരം..!!!!

    ReplyDelete
  5. രാവിലെ പൂമാല ഇടുകയും വിളക്കിലെ തിരി മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ അവളുടെ മുടിതുമ്പില്‍ നിന്ന് അറിയാതെ വീഴുന്ന മഴത്തുള്ളികളെ അവന്‍ പ്രണയിച്ചു തുടങ്ങിയിരുന്നോ ...?

    ഭാവന നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു. കാലം മായ്കുന്നതൊന്നും തിരികെ നല്‍കാന്‍ ഭൗതിക ശക്തിക്കാവില്ല, അവിടെ കാലചക്രത്തിന്റെ വ്യതിയാനം ഉള്‍ക്കൊണ്ട് , നിസ്വാര്‍ത്ഥമായി പ്രണയിക്കുക.... സസ്നേഹം മനു

    ReplyDelete
  6. ശ്രീദേവീ....

    നല്ല ലളിതമായ ഭാഷാ...മനസില്‍ തട്ടിയ വാക്കുകള്‍
    മനോഹര‍മായ...ഭാവന...

    നന്നായിട്ടുണ്ട്...ഇനിയും എഴുതണം

    -വൃന്ദ

    ReplyDelete
  7. എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു.

    Great!

    ReplyDelete
  8. "എങ്കിലും ഇന്ന് ആദ്യമായി സ്വന്തമാക്കലല്ല നഷ്ടപ്പെടലാണ് വിജയമെന്ന് കണ്ണന്‍ അറിഞ്ഞു."
    ഈ വാക്കുകള്‍ക്കു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല..
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

    ReplyDelete
  9. അമ്പടാ കണ്ണാ....!!!

    ReplyDelete
  10. രാവിലെ പൂമാല ഇടുകയും വിളക്കിലെ തിരി മാറ്റുകയുമൊക്കെ ചെയ്യുമ്പോള്‍ അവളുടെ മുടിതുമ്പില്‍ നിന്ന് അറിയാതെ വീഴുന്ന മഴത്തുള്ളികളെ അവന്‍ പ്രണയിച്ചു തുടങ്ങിയിരുന്നോ ...
    രാധയെ പ്രണയിക്കുന്ന കണ്ണനെ ഒത്തിരി ഇഷ്ടമായി...വരികള്‍ നന്നായി... ആശംസകള്‍...

    ReplyDelete