Sunday, October 30, 2022

ഇലകൊഴിയും കാലം

 കാറ്റും  തണുപ്പും

കൂട്ടിരിപ്പുകാരായി 

ഒരു ആശുപത്രിക്കാലം കൂടെ കഴിയുന്നു ,

മഞ്ഞിന്റെ വിരിപ്പിട്ട 

ഇലകൊഴിയും കാലം,

പുറത്തു ദീപാവലിയുടെ 

പടക്കങ്ങൾ , ചെരാതുകൾ,

പങ്കുവയ്ക്കലുകൾ ,

മധുരങ്ങൾ , 

ജനലിനപ്പുറം 

പിംഗള   കേശിനിയായ മരണം.


കണ്ണിൽ കണ്ണിൽ നോക്കി 

കഥ പറഞ്ഞിരുന്നു.

നീട്ടി കിട്ടിയ ഈ കാലം 

എങ്ങനെ ജീവിക്കുമെന്നവൾ  ചോദ്യം ചെയ്തു .


നിന്റെ കാൽ വിരൽ തുമ്പിൽ 

എന്റെ കൈ തൊടുന്നിടം വരെയേ 

ഈ ലോക നാടകങ്ങൾ  ഉള്ളൂ  എന്ന് കൊതിപ്പിച്ചു .

തൂവൽ പോലെ ഭാരമില്ലാതെ ആകുമെന്നും 

വേദനകളെല്ലാം മറന്നു പോകുമെന്നും 

ഈ തോളിലെ മാറാപ്പുകളെല്ലാം 

അഴിഞ്ഞു പോകുമെന്നുമൊക്കെ 

ഉറക്കത്തിലും ഉണർവ്വിലും  

അവൾ പറഞ്ഞു കൊണ്ടേയിരുന്നു..


നനുത്ത നീണ്ട അവളുടെ കൈ വിരലുകൾ ,

അടക്കമില്ലാതെ പാറിപ്പറന്ന മുടി, 

നിസ്സംഗമായ,  അനന്തതയിലേയ്ക്ക്  

 നോക്കിയിരിക്കുന്ന കണ്ണുകൾ ,

നിലം തൊടുന്നില്ലെന്നു തോന്നിപ്പിച്ച 

വിളർത്ത കാലടികൾ.


പല താളത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ 

അവൾ പറഞ്ഞ കഥകളിലാണ് 

ഞാൻ ജീവിച്ചത് .

ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ 

കൈവീശി യാത്ര പറഞ്ഞു 

ഇടവേളയ്ക്കു ശേഷം വീണ്ടും കാണാമെന്നു  

മൗനമായൊരു യാത്രാമൊഴി. 


No comments:

Post a Comment