Saturday, March 8, 2025

 ചേർത്ത് പിടിക്കാത്ത  ഇടങ്ങളിൽ 

നിന്നൊക്കെ മെല്ലെ ഇറങ്ങി 

നടക്കണം ,

ഒരു സായാഹ്‌ന സവാരിക്ക്

പോകുന്ന ലാഘവത്തോടെ ,

വലിയ ഭാണ്ഡങ്ങൾ ഒന്നുമില്ലാതെ,

കൈ  വീശി ,

പിന്തിരിഞ്ഞു നോക്കാതെ ,

മെല്ലെ തലയുയർത്തി  നടക്കണം.

ഭിക്ഷയായി സ്നേഹത്തിന്റെ ചില്ലറ  നാണയങ്ങൾ  

എറിഞ്ഞു തന്നിരുന്ന 

മേടയിലേക്കു ഒരു ചെറു പുഞ്ചിരിയോടെ നോക്കണം ,

പൂവ്  പോലും ചോദിക്കാത്ത ഇടത്തേക്ക്  ,

ചൊരിഞ്ഞു  വിലകെട്ടു പോയ   പൂക്കാലങ്ങളെ 

ഓർമ്മിക്കണം ,

രണ്ടു കൈകളാലും 

സ്വയം ചേർത്ത് പിടിക്കണം.

ഇനിയൊരു നോവിനോ 

തിരസ്‌ക്കാരത്തിനോ 

വിട്ടു കൊടുക്കാതെ 

ഒരു പൂവ് കൊഴിയുംപോലെ

ശാന്തമായി കടന്നു പോകണം.

No comments:

Post a Comment