Saturday, March 8, 2025

 മേഘങ്ങൾ വന്നു തൊടുന്നൊരു 

കുന്നിൻമുകളിൽ നിന്ന് 

ജാനു ഇറങ്ങി വരും ,

കുട്ടയും, വട്ടിയും ചൂലും ഒക്കെയായി ,

ഉച്ച നേരത്തും ഇരുൾ നിറഞ്ഞു 

പന്തലിച്ച മരങ്ങളുണ്ടവിടെ ,

ഒറ്റയ്ക്കു ഒരാളും കുന്നു കയറാറില്ല,

കൺകെട്ടാനും വഴി തെറ്റിക്കാനും 

ഭൂതത്താന്മാരുണ്ടത്രേ,

ചൂടുറവകളും 

വെള്ളം നിറഞ്ഞ പാറക്കെട്ടുകളും ഉള്ള 

കുന്നിൻ മുകളിൽ മാത്രം പെയ്യുന്നൊരു മഴയുടെ കഥ 

വീട്ടതിരിലെ തോടു പറഞ്ഞതോർത്തു ,

ഇടിയും മിന്നലും കുന്നിൻ മുകളിൽ 

മുടിയഴിച്ചാടും, 

പാലപ്പൂ മണം  ഒഴുകുന്ന 

ഉച്ചനേരങ്ങളിൽ 

പാറപ്പുറത്തും പനമുകളിലും 

പൊട്ടിച്ചിരിക്കുന്ന പെണ്ണൊരുത്തി...

 പേടിയില്ലാതെ

കുന്നിൻമുകളിൽ ജാനു വീട് വച്ച്

രാവും പകലുമെന്നില്ലാതെ 

കുന്നു കയറിയിറങ്ങി ,

നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തോർക്ക് 

എന്ത് പേടിയെന്നവൾ മുറുക്കിത്തുപ്പി ...

No comments:

Post a Comment