മീട്ടു മുയലിനെ വീട്ടിലെത്തിക്കാൻ
ശ്രമിച്ചു പരാജയപ്പെട്ടാവും
പല രാത്രികളിലും
ഉറങ്ങാൻ പോവുക.
വീട് കണ്ടെത്താനാവാതെ
അമ്മയെ കാണാനാവാതെ
സങ്കടപ്പെടുന്ന മുയലോർമ്മകളിലാണ്
ഉറങ്ങി തുടങ്ങുക
ശെരിയാണെന്നു ഉറപ്പിച്ച വഴി ,
അവസാന തിരിവിലാവും
തീർത്തും തെറ്റിപ്പോയെന്നു അറിയുക ,
ചിലപ്പോൾ പാതി വഴി തിരികെ പോയാൽ
പുതിയൊരു വഴി കണ്ടെത്തിയേക്കാം
ചിലപ്പോൾ വീണ്ടും ആദ്യേന്നു തുടങ്ങണം
കുരുക്കിയും കുഴക്കിയും എന്തിനാണിത്ര വഴികൾ?
ഉറക്കത്തിന്റെ കൈവഴികളിൽ
മീട്ടു ഞാനായി രൂപാന്തരപ്പെടും
നേരം വെളുക്കുവോളം
വഴി തിരയും,
വിശന്നും ദാഹിച്ചും അലയും..
പോകെ പോകെ,
വഴികൾ ഒരിക്കലും തെറ്റുന്നില്ലെന്നും
പുതിയ വഴികൾ തേടുന്നതും
പാതി വഴിയിൽ മടങ്ങുന്നതും
എത്തുന്നിടം ലക്ഷ്യമാകുന്നതും
യാത്രയുടെ രീതികൾ മാത്രമായി.
No comments:
Post a Comment