ചിന്തിച്ചു ചിന്തിച്ചിരിക്കെ
അവളോർത്തു
അമ്മമ്മയെ പോലെ
വല്യമ്മയെ പോലെ
ഓർമ്മകൾ നഷ്ടപ്പെട്ടു പോകുന്നൊരു ദിവസം വന്നാലോ ?
ഓർമ്മകൾ മങ്ങി തുടങ്ങുന്നൊരു ദിവസം ,
ഭയം തോന്നി ,
ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ ഓർമ്മകൾ
സ്നേഹിപ്പിച്ച , വേദനിപ്പിച്ച
ഒറ്റപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്ത
നാണംകെടുത്തുകയും , ഒറ്റിക്കൊടുക്കുകയും ചെയ്ത ഓർമ്മകൾ.
എങ്കിലും അവയെല്ലാമെന്റെ സ്വന്തമല്ലേ
അവയൊന്നാകെ നഷ്ടമാവുകയെന്നാൽ ...
അമ്മമ്മ എങ്ങനെ ആയിരുന്നു ,
ഓർമ്മകൾ കെട്ടു പോയൊരു കാലത്തു ?
കുഞ്ഞുന്നാളിൽ പഠിച്ച കവിതകൾ ഉറക്കെ ചൊല്ലുമായിരുന്നു
ചോദ്യവും ഉത്തരവും തനിച്ചു തന്നെ ആയിരുന്നു
"ആരാ അവിടെ ?"
"ഞാൻ ആണ് രാമൻ"
"എന്താ വന്നത് "
"കുറച്ചു അരി വേണ്ടിയിരുന്നു"
"അടുക്കളപ്പുറത്തേയ്‌ക്ക് ചെന്നോളു"
മറുപടികൾക്ക് വേണ്ടി
ആരെയും കാത്തിരിക്കേണ്ട എന്നതുമൊരു സൗകര്യം.
എഴുതിയതപ്പാടെ മായ്ച്ചു കളഞ്ഞൊരു
സ്ലേറ്റ് പോലെയാവില്ലെ മനസ്സ്
ഓർമ്മകളെല്ലാം മാഞ്ഞു കഴിയുമ്പോൾ
പുതിയതായി ജീവിച്ചു തുടങ്ങാം
ഇഷ്ടമുള്ള പേര് സ്വീകരിക്കാം
ആദ്യമായി പൂവിനേയും
പുല്ലിനെയും പൂമ്പാറ്റയെയും കാണാം
മേഘങ്ങളെയും മഴയെയും അറിയാം
കൂടുതൽ നിറവോടെ സ്നേഹിക്കാം
ക്ഷമയോടെ ജീവിക്കാം
ഓരോ നിമിഷത്തെയും
നന്ദിയോടെയും കരുണയോടെയും അറിയാം
വീണ്ടും ആദ്യമായി പ്രണയിക്കാം
അറിയില്ല ,
വേദനയുടെ കൊടുമുടികളിൽ എവിടെയോ വച്ച്
മനുഷ്യൻ വീണ്ടും സ്വസ്ഥതയുടെയും സ്നേഹത്തിന്റെയും
പുതിയ ലോകം കണ്ടെത്തുന്നുണ്ടാവാം
എല്ലാം അവസാനിച്ചിടത്തു നിന്ന്
പുതിയൊരു വഴി തുടങ്ങിയേക്കാം
എല്ലാം നഷ്ടമായിടത്തു നിന്ന്
പുതിയൊരു ലോകം സൃഷ്ടിക്കാം
ആദ്യമായി ഓർമ്മകൾ നഷ്ടമാവുക
എന്നതിനെ
വേദനയിൽ നിന്നും ഭയത്തിൽ നിന്നും
വേർതിരിച്ചവൾ കണ്ടു തുടങ്ങി.
No comments:
Post a Comment