Saturday, November 21, 2020

ചെമ്പരത്തി


അതിരിലൊരു നാടൻ ചെമ്പരത്തി
പൂത്തോ തളിർത്തോ എന്നാരും തിരയാറില്ല
'കൊടും വേനലിലും ഒരുതുള്ളി വെള്ളമാരും പകരാറില്ല
കരിഞ്ഞുണങ്ങി ഇലകൾ കൂമ്പി
പെയ്യാൻ പോകുന്ന മഴക്കാലത്തേക്കു
പച്ചപ്പിനെ പ്രാണനിൽ ഒളിപ്പിക്കും
മഴയെത്തിയെന്നാർത്തു വളരുമ്പോൾ
തൊടിയാകെ കാട് പിടിച്ചെന്നാരോ
കോതി ഒതുക്കും ..

തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും

 


തനിച്ചിരിക്കുമ്പോളെല്ലാം വീടെന്നോടു സംസാരിച്ചു തുടങ്ങും
അടുക്കള ചൂടുള്ള കൈകളാൽ കെട്ടിപ്പിടിക്കും
നീറിയും പുകഞ്ഞും വെന്തും പൊടിഞ്ഞും
പിന്നെയും ബാക്കിയാവുന്നുണ്ട് ജീവിതമെന്നു പറയും
കാത്തു കാത്തിരുന്നു പിടഞ്ഞത് മതിയെന്ന് ഉമ്മറം
ഇളം തണുപ്പുള്ളൊരു ഉമ്മ വയ്ക്കും നെറ്റിയിൽ
നട്ടു നനച്ച പൂക്കളും തൊടിയിലെ കാറ്റും
നിന്റേതു മാത്രമല്ലേയെന്നു സ്നേഹിക്കും
രാവിൽ പലവേള കണ്ണുനീരിൽ നനഞ്ഞ തലയിണ
പോകെ പോകെ പ്രിയം പകർന്നൊരു കൂട്ടാകും
ഉറക്കമുറി ഇഷ്ടപ്പെട്ട പുസ്തകവുമായി , പതുപതുത്തൊരു
പുതപ്പിനുള്ളിൽ ചേർത്ത് പിടിക്കും
കുളിമുറി മാത്രം കാണുന്നുണ്ട് ഇപ്പോളും
കണ്ണ് ചുവക്കുന്നതും കവിൾ നനയുന്നതും
തൊട്ടാവാടി ഇന്നൊരു പക്വതയെത്തിയ വീട്ടമ്മയായെന്നു
'അമ്മ പറയുമ്പോൾ, കുളിമുറി ആരും കേൾക്കാതെ
അമർത്തി ചിരിക്കും , പിന്നെ
പനിനീർ സുഗന്ധമായി കണ്ണോരം കവിളോരം
ചേർത്ത് പിടിച്ചു കാതിൽ സ്വകാര്യങ്ങൾ പറയും.
മുതിർന്നു പോയെന്നു ലോകം പറയുമ്പോളും
ജെംസ് മിട്ടായിക്കും ബാലരമക്കും
കുഞ്ഞുങ്ങളോട് തല്ലുകൂടുന്നൊരെന്നെ
മറ്റാരും അറിയില്ലെന്ന് വീട്
ഉറങ്ങാൻ തുടങ്ങുന്ന എന്നെ ജനാല അടുത്ത് വിളിക്കും
ആകാശം കാട്ടി കൊതിപ്പിക്കും
ചിറകു നീർത്തി പറക്കാൻ പറയും
നക്ഷത്രങ്ങളും ചന്ദ്രനും , മേഘ തുണ്ടുകളും കാട്ടി
കൊതിപ്പിക്കും
ജീവിതം തന്ന ഭാരങ്ങൾ മറന്നു പോകും
ഒരു തൂവൽച്ചിറകായി ഞാൻ ആകാശത്തേയ്ക്ക് പറക്കും.

Monday, October 10, 2016

തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ

 തഥാഗഥാ,
നിന്നെ തിരയുന്നില്ലെന്ന നാട്യത്തിൽ
കൊഴിഞ്ഞു പോയെത്ര വർഷങ്ങൾ
വഴി തെറ്റിയലയുന്ന പാദങ്ങൾ
സ്വപ്നങ്ങൾ വറ്റിത്തുടങ്ങിയ കണ്ണുകളിൽ
ഇടറുന്ന കാഴ്ചകളുടെ തിരയിളക്കം

ഇനി താണ്ടാൻ ഒരു മലയും ബാക്കിയില്ലെന്നിരിക്കെ
നീന്തിക്കടക്കുവാൻ ഒരു പുഴയുമില്ലെന്നിരിക്കെ
അടർത്തി മാറ്റുന്നു  ഞാനീ പുറം കാഴ്ചകളുടെ ലോകത്തെ
പ്രാർത്ഥനകളും മന്ത്രങ്ങളും ഒഴിയുമ്പോൾ
ഉള്ളിൽ നിറയുന്ന മൗനത്തിൽ
നീ മാത്രം നിറയുന്നു
നിന്നെ മാത്രം അറിയുന്നു

ഏറെ തളർന്നോരെന്റെ കാൽപ്പാദങ്ങളെ
ചേർത്ത് വയ്ക്കുന്നു നിന്റെ കാൽപ്പാടുകളിൽ
വഴികളെല്ലാം തീരുന്നൊരിടത്തു നിന്ന്
നിന്നിലേക്കുള്ള വഴി തുടങ്ങുന്നതായറിയുന്നു ഞാൻ
എങ്കിലും
തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ


Sunday, May 15, 2016

മഴക്കാലം

ജനലിനപ്പുറം
 നിറഞ്ഞു പെയ്യുന്ന മഴ
ചെടികളെയും മരങ്ങളെയും
കുളിപ്പിച്ച് തുവർത്തുന്ന ആകാശം
മരക്കൊമ്പിൽ
തൂവലുണക്കുന്ന കരിയിലക്കിളികൾ .

ഈ രാത്രി
കൈ ചേർത്ത് പിടിക്കാനൊരു കൂട്ടെന്നു
മനസ്സ് പിടഞ്ഞിരുന്നു
അത് കൊണ്ടാവും
തോരാതിങ്ങനെ പെയ്യുന്നത്.

ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
ഉരുകുമ്പോൾ
ആയിരം കൈകളാൽ ചേർത്ത് പിടിക്കും
മനസ്സൊന്നു തണുക്കുവോളം
നിറഞ്ഞു പെയ്തെന്റെ
ഒറ്റപ്പെടലുകളെയാകെ തുടച്ചുമാറ്റും
കാതോളം ചേർന്ന് നിന്നു സ്വകാര്യം പറയും
ഈറൻ ചുണ്ടുകളാൽ പിൻ കഴുത്തിൽ ഉമ്മകൾ എഴുതി കളിക്കും
തനിച്ചു നടന്നു തീർത്ത വഴികളൊക്കെയും
കൂടെ നടക്കും.

ഒരിക്കലും വന്നു ചേരാത്ത ആരെയോ
കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ  ജീവിതം,
അതിലിനി ബാക്കിയായ ദിനങ്ങൾ
പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ.

Saturday, February 20, 2016

അവശേഷിപ്പ്

ഇരുൾ  തിളച്ചു തൂകിയ രാത്രി 
പകലിരമ്പങ്ങൾ ഒടുങ്ങി 
വിജനമായ നിരത്തുകൾ
കൃത്യമായ  ഇടവേളകളിൽ 
ചുവപ്പും പച്ചയും മഞ്ഞയും
നിറഭേദങ്ങൾ 
റോഡിനപ്പുറം ഉറങ്ങാത്ത കോഫീ ഷോപ്പ്
ചോക്ലേറ്റ് കേക്കും കോൾഡ് കോഫീയുമായി
മേശയ്ക്കിരുവശത്തേക്കുമെന്നെ
പകുക്കുന്നു
പതിഞ്ഞ ശബ്ദത്തിലെ പോപ്‌ മ്യൂസിക്കിനൊപ്പം 
വാദിയും പ്രതിയുമാക്കുന്നു

ചോദ്യങ്ങളിൽ കുരുക്കിയും
ഉത്തരങ്ങളിൽ കുഴക്കിയും
കൂട്ടുമ്പോഴും  കുറയ്ക്കുമ്പോഴും 
ബാക്കിയാവുന്ന ഞാൻ
കളിനേരങ്ങളിൽ
പാമ്പും ഗോവണിയുമായി
രൂപാന്തരപെട്ടു
കയറ്റിറക്കങ്ങളുടെ
ആവേഗങ്ങളിൽ  രസിക്കുന്നു.

കഥയെന്നും കവിതയെന്നും മാറ്റി,
മാറ്റിയെഴുതുന്നു
എന്നിട്ടും
ഒറ്റമരത്തിലെ
അവസാനത്തെ ഇലയുടെ
കരിഞ്ഞു തുടങ്ങിയ
ഇല ഞരമ്പുകളിൽ
ഞാൻ
ഞാൻ മാത്രമെന്നൊരു
കുറിപ്പ്  മാത്രം
മനസിലാക്കലിൻറെ 
മനസിലാക്കപ്പെടലിൻറെ
കൈവഴികളിൽ
വഴിതെറ്റി
വരിതെറ്റിയൊരു
കാറ്റിന്റെ കയ്യൊപ്പാകുന്നു.

അവശേഷിച്ച ചോക്ലേറ്റ് കേക്കിനൊപ്പം
കാപ്പിയുടെ രസമുള്ള ചവർപ്പും നുണഞ്ഞു
രാത്രി സൂര്യനെ
ചുണ്ടിൽ ചേർത്തു
ട്രാഫിക് ലൈറ്റിന്റെ   ചുവപ്പിലേക്ക്
നടന്നു കയറുന്നു ...

Monday, December 28, 2015

ഒരു തുന്നല്ക്കാരിയുടെ കഥ

വിരസതയുടെ നീളൻ  വരാന്തയിൽ ഇരുന്നു,
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ്‌ ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.

ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.

സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .

രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത  ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.

എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.

Tuesday, December 22, 2015

ചുരുക്കെഴുത്ത്




വിരൽത്തുമ്പോളം വന്നു
തൊട്ടു തൊട്ടില്ലെന്നു മടങ്ങുന്ന
ആകർഷണത്തിന്റെ തിരക്കൈകൾ
പറഞ്ഞും പറയാതെയും
എഴുതിയും മായ്ചും
തിരയും തീരവും പോലെ.

പ്രിയപ്പെട്ടവരുടെ
നീണ്ട നിരയിൽ
അവസാനക്കാരിയുടെ ഇടമുണ്ട് .
ഇടനേരങ്ങളിൽ
കാരുണ്യത്തിന്റെയും അവഗണനയുടെയും
ചില്ലറത്തുട്ടുകൾ വീണു ചിതറുന്നൊരു
ഭിക്ഷാപാത്രവും.

ആസക്തിയുടെ ചുവപ്പും ,
ഉന്മാദത്തിന്റെ മഞ്ഞയും ,
കാമപ്പെരുംപച്ചയും തിരയാതെ ,
സ്നേഹത്തിന്റെ തൂവൽ മാത്രം തിരഞ്ഞു
ഒരു നെഞ്ചിടിപ്പിന്റെ
അകലത്തിലൊഴുകാം .

പ്രണയമെന്നു
ചുരുക്കി എഴുതാതിരിക്കാം.